ബെംഗളൂരു : കർണാടക അതിർത്തിയിലെ കബനി നദിയ്ക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് ഉറപ്പ് നൽകി. മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ തന്നെ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി അതിനുള്ള നിർദേശങ്ങൾ നൽകി. കർണാടക ഭാഗത്തെ പാതയുടെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാണമെന്ന് പി.കെ. ബഷീർ ആവശ്യപ്പെട്ടു.നേരത്തേ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ലോക്സഭാംഗം പ്രിയങ്കാഗാന്ധി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറുമായി സംസാരിച്ചിരുന്നു.
കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം, കേരളത്തിലെ വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.പാലം യാഥാർഥ്യമാകുന്നതോടെ ദീർഘകാലമായുള്ള യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. ഇത് രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കാര്യമായ പ്രയോജനം നൽകുന്നതാണെന്ന് ഡി.കെ. ശിവകുമാർ അഭിപ്രായപ്പെട്ടു.ഈ പാലം യാഥാർഥ്യമാകുന്നതോടെ കർണാടകയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് ബൈരക്കുപ്പയ്ക്ക് സമീപമുള്ള അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനും സാധിക്കും. കൂടാതെ കർണാടകയിലെ കുടക് ജില്ലയുടെ ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക, ബിസിനസ് സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് ബഷീർ പറഞ്ഞു.
പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദൽ പാതയായി പാലം പ്രവർത്തിക്കും, ഇത് നിലവിൽ എൻഎച്ച് 766-ൽ ബന്ദിപ്പുർ വനമേഖലയിലെ രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാകും. ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുകയും, യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഈ പദ്ധതിയുടെ ഉപയോഗക്ഷമത കണക്കിലെടുത്ത്, കർണാടക മേഖലയിലെ അപ്രോച്ച് റോഡിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും പദ്ധതിക്കായി എൻ.ഒ.സി. നൽകാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.