Home കർണാടക ബെംഗളൂരു പിജികളില്‍ ഫോണ്‍, ലാപ് മോഷണം പെരുകുന്നു; കാഴ്ചവസ്തുക്കളായി സിസിടിവി കാമറകള്‍; പോലീസിന് ഉദാസീനത

ബെംഗളൂരു പിജികളില്‍ ഫോണ്‍, ലാപ് മോഷണം പെരുകുന്നു; കാഴ്ചവസ്തുക്കളായി സിസിടിവി കാമറകള്‍; പോലീസിന് ഉദാസീനത

by ടാർസ്യുസ്

ബെംഗളൂരു: മലയാളികള്‍ അടക്കമുള്ളവർ താമസ സൗകര്യത്തിനായി ആശ്രയിക്കുന്ന ബെംഗളൂരുവിലെ പിജികളില്‍ (പേയിങ് ഗസ്റ്റ്) തുടർ‌മോഷണങ്ങള്‍.ഫോണുകളും, ലാപ്ടോപ്പുകളും മറ്റ് ഗാഡ്ജറ്റുകളും ലക്ഷ്യമാക്കിയാണ് മോഷ്ടാക്കള്‍ എത്തുന്നത്. പല പിജികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെയെല്ലാം വെട്ടിച്ചാണ് മോഷ്ടാക്കള്‍ ഗാഡ്‌ജെറ്റുകള്‍ കവർന്ന് രക്ഷപ്പെടുന്നത്. ലക്ഷങ്ങള്‍ വിലയുള്ള ഗാഡ്ജറ്റുകളാണ് ഓരോ പിജിയില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്.ഏറ്റവും ഒടുവിലായി ജൂണ്‍ 9-ന് എച്ച്‌.എസ്.ആർ ലേഔട്ടിലെ ‘സിഎം ലക്ഷ്വറി പിജി’-യില്‍ ഒരു കവർ‌ച്ച നടന്നു. ഈ പിജിയില്‍ താമസിച്ച്‌ ജോലി ചെയ്യുന്ന നന്ദീഷ് എന്ന ഐടി പ്രൊഫഷണലിന്റെ 3.5 ലക്ഷം രൂപ വിലമതിക്കുന്ന മാക്ബുക്കും മറ്റ് റൂംമേറ്റുകളുടെ ലാപ്ടോപ്പുകളും മോഷ്ടിക്കപ്പെട്ടു.

ആകെ 6.5 ലക്ഷം രൂപയുടെ സാധനങ്ങള്‍ കള്ളന്മാർ ഒറ്റരാത്രികൊണ്ട് അപഹരിച്ചു.ഇത്തരം കേസുകളില്‍‌ പോലീസ് ഉദാസീന മനോഭാവമാണ് കാണിക്കുന്നതെന്ന് പരാതിയുണ്ട്. സിഎം ലക്ഷ്വറി പിജിയിലെ മോഷണക്കേസില്‍ പോലീസ് എഫ്‌ഐആറില്‍ (FIR) നഷ്ടപ്പെട്ടവയുടെ വില 4 ലക്ഷമായി കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐടി ജീവനക്കാർ ഏറ്റവും കൂടുതല്‍ താമസിക്കുന്ന പ്രധാന ഐടി മേഖലകളാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യകേന്ദ്രം.എച്ച്‌എസ്‌ആർ ലേഔട്ടില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരം 7 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബെല്ലന്തൂരില്‍ കഴിഞ്ഞ 6 മാസത്തിനിടെ 8 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഐടി മേഖലയായ വൈറ്റ്ഫീല്‍ഡില്‍‌ സമീപകാലത്ത് 12-ലധികം ലാപ്ടോപ്പ് മോഷണക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാരത്തഹള്ളിയിലും ഇലക്‌ട്രോണിക്സ് സിറ്റിയിലുമായി കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ പതിനൊന്നിലധികം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രവർ‌ത്തിക്കാത്ത സിസിടിവികള്‍പിജികളിലെ സിസിടിവി വെറും ‘കാഴ്ചവസ്തു’വാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കണമെന്ന സർക്കാർ ഉത്തരവിനെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഉപകരണം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അവ മിക്കപ്പോഴും പ്രവർത്തിക്കാറില്ല. പലയിടത്തും ക്യാമറകള്‍ പിജിയുടെ പ്രവേശന കവാടങ്ങള്‍ കൃത്യമായി കവർ ചെയ്യുന്നില്ല. മാസ്കുകളും ഹെല്‍മെറ്റുകളും ക്യാപ്പുകളും ധരിച്ചെത്തുന്ന മോഷ്ടാക്കള്‍ പുലർച്ചെ നേരങ്ങളിലാണ് പിജികളില്‍ അതിക്രമിച്ചു കയറുന്നത്.പിജികളില്‍ ഒരേ മുറിയില്‍ തന്നെ പല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരുള്ളതിനാല്‍ മുറി പൂട്ടുക പ്രായോഗികമല്ല. ഈ സാഹചര്യമാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നത്. അവസാനം എത്തുന്നയാള്‍ മുറി പൂട്ടാതെ കിടന്നുറങ്ങിയാല്‍ മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു. പലരും താഴത്തെ നിലയിലെ കോമണ്‍ ഡാഷ്‌ബോർഡില്‍ റൂമിന്റെ താക്കോല്‍ വെച്ചുപോകാറുമുണ്ട്. ഇത്തരം അശ്രദ്ധകള്‍ കള്ളന്മാർക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.അപരിചിതർ അകത്തു കയറുന്നത് നിരീക്ഷിക്കാൻ പിജികളില്‍ പ്രത്യേക സംവിധാനമൊന്നുമില്ല. സെക്യൂരിറ്റി ജീവനക്കാരുള്ള പിജികളെല്ലാം അപൂർവമാണ്.

ഡെലിവറി ബോയ്‌സ്, ക്ലീനിംഗ് ജീവനക്കാർ എന്നിവരുടെ നിരന്തരമായ വരാൻപോക്കുകള്‍ കാരണം അപരിചിതർ അകത്തുകയറിയാല്‍ ആരും ശ്രദ്ധിക്കാറുമില്ല. മുൻപ് താമസിച്ചിരുന്ന ചിലർ മുറി അന്വേഷിക്കാനെന്ന വ്യാജേനയെത്തി മോഷണം നടത്തുന്ന രീതിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതെസമയം പെണ്‍കുട്ടികളുടെ പിജികളില്‍ ഇത്തരം മോഷണങ്ങള്‍ സാധാരണ നടക്കാറില്ല. പോലീസ് കണക്കുകള്‍ പ്രകാരം ലാപ്ടോപ്പ് മോഷണങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത് ആണ്‍കുട്ടികളുടെ പിജികളിലാണ്. പെണ്‍കുട്ടികളുടെ താമസസ്ഥലങ്ങളില്‍ കൃത്യമായ സുരക്ഷാ ഗ്രില്ലുകളും കർശനമായ സമയക്രമവും പുറത്തുനിന്നുള്ളവർക്ക് കടുത്ത നിയന്ത്രണങ്ങളും ഉള്ളതുകൊണ്ട് അവിടെ മോഷണ സാധ്യത വളരെ കുറവാണ്.ഗാഡ്ജറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതിർത്തി കടക്കുംബംഗളൂരുവിലെ പിജികളില്‍ നിന്നും മോഷ്ടിക്കപ്പെടുന്ന ലാപ്ടോപ്പുകളും ഫോണുകളും മണിക്കൂറുകള്‍ക്കകം മറ്റ് അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കും. പുറത്തെ ഗ്രേ മാർക്കറ്റുകളിലേക്ക് കടത്തി ലാപ്ടോപ്പുകളും ഫോണുകളുമെല്ലാം ഫോർമാറ്റ് ചെയ്ത് വില്‍ക്കുന്ന വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group