ബെംഗളൂരു: ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡ ഗൗഡറെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ കർണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വിനയ് കുല്‍ക്കർണിയെ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കി.ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.ധാരാവാഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുല്‍ക്കർണിയെ ശിക്ഷാവിധി വന്ന 2026 ഏപ്രില്‍ 15 മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് അയോഗ്യനാക്കിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിള്‍ 191(1)(e), ജനപ്രാതിനിധ്യ നിയമം (1951) സെക്ഷൻ 8 എന്നിവ പ്രകാരമാണ് നടപടി. ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം ആറ് വർഷത്തേക്ക് കൂടി ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല. ഇതോടെ ധാരാവാഡ് നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.2016 ജൂണ്‍ 15-നാണ് ധാരാവാഡിലെ സപ്തപൂരിലുള്ള ജിമ്മിനുള്ളില്‍ വെച്ച് ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡ കൊല്ലപ്പെട്ടത്. വാടകക്കൊലയാളികള്‍ ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അന്ന് കർണാടക സർക്കാരില്‍ മന്ത്രിയായിരുന്നു വിനയ് കുല്‍ക്കർണി. ഗൗഡറുടെ കുടുംബത്തിന്റെയും ബി.ജെ.പി നേതാക്കളുടെയും ശക്തമായ ആവശ്യത്തെത്തുടർന്ന് 2019-ല്‍ അന്നത്തെ ബി.ജെ.പി സർക്കാരാണ് കേസ് സി.ബി.ഐക്ക് വിട്ടത്. കുല്‍ക്കർണിയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും 2020-ല്‍ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.ബെംഗളൂരുവിലെ പ്രത്യേക കോടതി ഏപ്രില്‍ 15-ന് കുല്‍ക്കർണി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഏപ്രില്‍ 17-ന് ഇദ്ദേഹമുള്‍പ്പെടെ 16 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. 2020-ല്‍ അറസ്റ്റിലായ കുല്‍ക്കർണിക്ക് 2021-ല്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് 2025 ജൂണില്‍ കോടതി ജാമ്യം റദ്ദാക്കി. പിന്നീട് സാക്ഷിവിസ്താരം പൂർത്തിയായതിനെത്തുടർന്ന് 2026 ഫെബ്രുവരിയില്‍ വീണ്ടും ജാമ്യം ലഭിച്ചെങ്കിലും ഏപ്രിലില്‍ വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ ഇദ്ദേഹം വീണ്ടും ജയിലിലായി.