Home കർണാടക പ്രകാശ് രാജും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷ തര്‍ക്കം; ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ നടന്നത് ഇങ്ങനെ

പ്രകാശ് രാജും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷ തര്‍ക്കം; ബെംഗളൂരു പ്രസ്‌ക്ലബ്ബില്‍ നടന്നത് ഇങ്ങനെ

by ടാർസ്യുസ്

ബെംഗളൂരു പ്രസ് ക്ലബ്ബില്‍ ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടൻ പ്രകാശ് രാജും മാധ്യമപ്രവർത്തകരും തമ്മില്‍ രൂക്ഷമായ തർക്കം.കർണാടകയില്‍ വൻ ചർച്ചയായ ധർമ്മസ്ഥല വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണാൻ എത്തിയ പ്രകാശ് രാജ്, വാര്‍ത്താസമ്മേളനത്തിന്റെ ക്ഷണക്കത്തില്‍ എഴുതിയ വാചകമാണ് മാധ്യമപ്രവർത്തകരെ ചൊടിപ്പിച്ചത്. ‘വിലയ്‌ക്കെടുത്ത മാധ്യമപ്രവർത്തകർക്ക് പ്രത്യേക ക്ഷണം’ എന്ന കളിയാക്കല്‍ നിറഞ്ഞ വാചകമാണ് വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചത്.പ്രകാശ് രാജ് പത്രസമ്മേളനം ആരംഭിച്ച ഉടൻ തന്നെ ഒരു വിഭാഗം മാധ്യമപ്രവർത്തകർ ഈ വാചകത്തെ ചോദ്യം ചെയ്തു. ആരാണ് വിലയ്‌ക്കെടുത്ത മാധ്യമപ്രവർത്തകർ എന്ന് പേരെടുത്ത് വ്യക്തമാക്കണമെന്ന് അവർ പ്രകാശ് രാജിനോട് ആവശ്യപ്പെട്ടു.

ഇതിനെച്ചൊല്ലി പ്രകാശ് രാജും മാധ്യമപ്രവർത്തകരും തമ്മില്‍ ഏറെ നേരം നീണ്ടുനിന്ന വലിയ വാഗ്വാദമാണ് ബെംഗളൂരു പ്രസ് ക്ലബ്ബില്‍ അരങ്ങേറിയത്.ക്ഷണക്കത്തിലെ വാക്കുകള്‍ മാധ്യമ പ്രതിനിധികളെ മുഴുവനായി അപമാനിക്കാനായിരുന്നില്ലെന്നും ഒരു പരിഹാസം എന്നതിലുപരി തന്റെ ഉള്ളിലെ ആശങ്കയാണ് അതിലൂടെ പങ്കുവെച്ചതെന്നും പ്രകാശ് രാജ് വ്യക്തമാക്കി. നിരവധി വർഷങ്ങളായി താൻ പല ഭാഷകളിലുമുള്ള മാധ്യമങ്ങളുടെ രീതികള്‍ വിലയിരുത്തുന്നുണ്ടെന്നും രാജ്യത്തെ നിലവിലെ മാധ്യമ സാഹചര്യങ്ങള്‍ ഏറെ മാറിയതായും അദ്ദേഹം പ്രതികരിച്ചു. സത്യം തുറന്നെഴുതാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് നിരവധി മാധ്യമസുഹൃത്തുക്കള്‍ തന്നോട് വ്യക്തിപരമായി നിസ്സഹായത പ്രകടിപ്പിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.ബെംഗളൂരു പ്രസ് ക്ലബ്ബിന്റെ ഔദ്യോഗിക ക്ഷണക്കത്തില്‍ ഇങ്ങനെയൊരു വാചകം ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയ പ്രകാശ് രാജ്, ധർമ്മസ്ഥല സംഭവത്തില്‍ തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകള്‍ നല്‍കി തേജോവധം ചെയ്യാൻ ശ്രമിച്ച ചില പ്രത്യേക മാധ്യമങ്ങളെ ലക്ഷ്യം വെച്ചാണ് ഇങ്ങനെ പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടി.

തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരോടുള്ള പ്രതിഷേധമാണ് ഇതിലൂടെ രേഖപ്പെടുത്തിയതെന്നും അദ്ദേഹം വിവരിച്ചു.ഏതാനും ദിവസങ്ങളായി കർണാടകയെയും നടൻ പ്രകാശ് രാജിനെയും ഒരുപോലെ പിടിച്ചുലച്ച ധർമ്മസ്ഥല കേസിലെ പുതിയ വഴിത്തിരിവാണ് ഈ പത്രസമ്മേളനത്തിനും മാധ്യമങ്ങളുടെ പ്രതിഷേധത്തിനും കാരണം. ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്ന് വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തിയാണ് ചിന്നയ്യ. ചില ആക്ടിവിസ്റ്റുകള്‍ ആരോപണം ഉന്നയിക്കാന്‍ തന്നെ കരുവാക്കി എന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. പ്രകാശ് രാജുമായി സംസാരിച്ചിരുന്നു എന്നും ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ചിന്നയ്യ പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് പ്രകാശ് രാജ് മാധ്യമങ്ങളെ കണ്ടത്.തനിക്കെതിരായി ചിന്നയ്യ കോടതിയില്‍ ഉന്നയിച്ച ഫോണ്‍ കോള്‍ വിവാദം കെട്ടിച്ചമച്ചതും അസംബന്ധവുമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. ധർമ്മസ്ഥല കേസിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച്‌ ചില കന്നഡ മാധ്യമങ്ങള്‍ തന്നെ മാധ്യമ വിചാരണ നടത്തുകയാണെന്നും താരം കുറ്റപ്പെടുത്തി. രൂക്ഷമായ തർക്കങ്ങള്‍ക്ക് ഒടുവില്‍ പ്രകാശ് രാജ് തന്റെ മേലുണ്ടായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയതോടെയാണ് ബെംഗളൂരു പ്രസ് ക്ലബ്ബിലെ ചൂടുപിടിച്ച പത്രസമ്മേളനം സാധാരണ നിലയിലേക്ക് മടങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group