ബെംഗളൂരു: ഓണ്‍ലൈൻ ബെറ്റിങ് ലഹരിയും കുടുംബകലഹവും ഒടുവില്‍ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരു മഹാദേവപുര പോലീസ് സ്റ്റേഷനില്‍ ഹോംഗാർഡായി ജോലിചെയ്തിരുന്ന മഞ്ജുള (32) ആണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപിനെ (38) മഹാദേവപുര പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 14-ന് രാത്രി ഒമ്പത് മണിയോടെ ബി. നാരായണപുരയിലുള്ള മഞ്ജുളയുടെ അമ്മയുടെ വീട്ടിലായിരുന്നു സംഭവം. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.പ്രദീപിന് ഓണ്‍ലൈൻ ബെറ്റിങ് നടത്തുന്ന ശീലമുണ്ടായിരുന്നുവെന്നും ഇതിലൂടെ എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
ഇതേച്ചൊല്ലി കുടുംബത്തില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കൂടാതെ മഞ്ജുളയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെച്ചൊല്ലിയും തർക്കിച്ചിരുന്നു. പ്രദീപിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള തന്റെ രണ്ട് മക്കള്‍ക്കൊപ്പം സ്വന്തം അമ്മയുടെ വീട്ടിലായിരുന്നു താമസം. കുടുംബകോടതിയെ സമീപിച്ച് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നിരിക്കുന്നത്.ജൂണ്‍ 14-ന് രാത്രിയോടെ മഞ്ജുള താമസിക്കുന്ന വീട്ടിലെത്തിയ പ്രദീപ്, തന്നോട് ക്ഷമിക്കണമെന്നും കൂടെ വരണമെന്നും അഭ്യർഥിച്ചു. ഇതിനായി മഞ്ജുളയുടെ കാലില്‍വീണ് മാപ്പപേക്ഷിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. തുടർന്ന് ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് മഞ്ജുളയെ ക്രൂരമായി ആക്രമിച്ചു. അമ്മയുടെയും 14-ഉം 10-ഉം വയസ്സുള്ള രണ്ട് മക്കളുടെയും മുന്നില്‍വെച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇരുപതിലധികം തവണയാണ് ഇയാള്‍ മഞ്ജുളയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മഞ്ജുളയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രദീപ് ഒരു വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരുന്നു. “തന്റെ ബെറ്റിങ് ലഹരി കുടുംബം തകർത്തതായി ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. എനിക്ക് ഭാര്യയില്ലാതെ ജീവിക്കാൻ കഴിയില്ല. ഞാൻ അവളുടെ അച്ഛനോടും സഹോദരനോടും സംസാരിച്ചിട്ടുണ്ട്. കൂടെവരാൻ ഒരിക്കല്‍ക്കൂടി അവളോട് ആവശ്യപ്പെടും. വരില്ലെന്ന് പറഞ്ഞാല്‍ അവളെ ഞാൻ അവിടെവെച്ച് കൊല്ലും”, എന്നാണ് പ്രദീപ് വീഡിയോയില്‍ പറയുന്നത്. ആക്രമണത്തിന് ശേഷം ഇതേ കത്തി ഉപയോഗിച്ച് പ്രദീപ് സ്വന്തം കൈ മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. തുടർന്ന് ഒളിവില്‍ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.