ബെംഗളൂരു: ട്രാഫിക് ബ്ലോക്കുകള്‍ക്ക് പേരുകേട്ട ബെംഗളൂരുവില്‍ യാത്രക്കാർക്ക് മടുപ്പില്ലാതെ ഇരിക്കാൻ ഒരു ‘ലക്ഷ്വറി’ ഓട്ടോറിക്ഷയുമായി ഡ്രൈവർ.സാധാരണ ഓട്ടോറിക്ഷകളില്‍ കാണാത്ത അത്യാധുനിക സൗകര്യങ്ങളുള്ള ഈ വാഹനം കണ്ട് അമ്പരന്ന ഒരു യാത്രക്കാരി പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.വെയിലിനെ പ്രതിരോധിക്കാൻ കർട്ടനുകള്‍, വിനോദത്തിനായി ടെലിവിഷൻ, ചൂടകറ്റാൻ ഫാൻ എന്നിവ ഈ ഓട്ടോറിക്ഷയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മൊബൈല്‍ ചാർജിംഗ് പോയിന്റും യാത്രക്കാർക്ക് വായിക്കാൻ ചെറിയൊരു ലൈബ്രറിയും ഇതിലുണ്ട്. പൂർണ്ണ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. ബെംഗളൂരുവിലെ ചൂടിനും ട്രാഫിക്കിനും ഇടയില്‍ യാത്രക്കാർക്ക് പരമാവധി ആശ്വാസം നല്‍കാനാണ് ഡ്രൈവറുടെ ഈ പരിശ്രമം.ഡ്രൈവറുടെ സർഗ്ഗാത്മകതയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. “ഇതാണ് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഓട്ടോ” എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ഡ്രൈവർ നടത്തിയ ഈ മാറ്റങ്ങള്‍ ബെംഗളൂരുവിലെ യാത്രകള്‍ക്ക് പുതിയൊരു മുഖം നല്‍കുന്നുവെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം സമ്മതിക്കുന്നു.