ചെന്നൈ: ഹൊസൂരിനും ദിണ്ഡിഗലിനും ഇടയിലുള്ള റെയില്‍വേ പാത ഇരട്ടിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തില്‍ പ്രതീക്ഷയോടെ യാത്രക്കാർ.ഓമലൂർ, സേലം, കരൂർ വഴി പോകുന്ന പാതയാണ് ഇരട്ടിപ്പിക്കുന്നത്. പ്രവൃത്തികള്‍ പൂർത്തിയാകുന്നതോടെ ബെംഗളൂരിനും ദക്ഷിണ തമിഴ്നാട് മേഖലയ്ക്കും ഇടയിലുള്ള ട്രെയിൻഗതാഗതം സുഗമമാകും.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരിനും കോയമ്പത്തൂരിനും ഇടയിലുള്ള ദൂരം 43 കിലോ മീറ്ററോളം കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ബെംഗളൂരിനും കൊയമ്പത്തൂരിനുമിടയില് (ഹൊസൂർ വഴി) 376 കിലോ മീറ്ററാണ് ദൂരം. അതേസമയം തിരുപ്പത്തൂർ വഴി 419 കിമി വരും. നിലവില്‍ ബെംഗളൂരു – കൊയമ്പത്തൂർ വന്ദേഭാരത് ഹൊസൂർ വഴി 6.20 മണിക്കൂർ എടുത്താണ് യാത്ര പൂർത്തിയാക്കുന്നത്. തിരുപ്പത്തൂർ വഴി പോകുന്ന ഉദയ് എക്സ്പ്രസ് 6.50 മണിക്കൂർ ആണ് എടുക്കാറുള്ളത്.

പാത ഇരട്ടിപ്പിക്കലിന് കേന്ദ്രത്തിൻ്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ തന്നെ ദക്ഷിണ റെയില്‍വെയുടെ കണ്‍സ്ട്രക്ഷൻ വിഭാഗം ടെൻ്റർ ക്ഷണിച്ചിരുന്നു. സേലം – കരൂർ – ദിണ്ഡിഗല്‍ പാത ഇരട്ടിപ്പിക്കല്‍, മൊറപ്പൂർ-ധർമപുരി പുതിയ പാത, ഈറോഡ് – കരൂർ പാത ഇരട്ടിപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കുള്ള ജിയോ ടെക്നിക്കല്‍ പരിശോധനകള്‍, അതിർത്തികളില്‍ കല്ല് സ്ഥാപിക്കുന്ന നടപടി എന്നിവയ്ക്കാണ് ടെൻ്റർ ക്ഷണിച്ചിരിക്കുന്നത്.പ്രാരംഭ നടപടികള്‍ക്ക് 7 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്.ജിയോടെക്നിക്കല്‍ പരിശോധനകള്‍ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. നിലവില്‍ ബെംഗളൂരു – ജോലർപെട്ടൈ – സേലം റൂട്ടില്‍ രണ്ട് ലൈനുകളാണ് ഉള്ളത്. 48 കിമി നീളുള്ള ബൈപ്പനഹള്ളി -ഹൊസൂർ ഭാഗത്ത് ഒറ്റ പാത മാത്രമാണ് ഉള്ളത്. ഇവിടെ അടുത്ത വർഷം ജനുവരിയോടെ പാത ഇരട്ടിപ്പിക്കല്‍ പൂർത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.147 കിമി ദൈർഘ്യമുള്ള ഹൊസൂർ-ധർമപുരി-ഒമലൂർ പാതയും ഒറ്റവരി പാതയാണ്.
8.2 കിമി നീളമുള്ള ഓമലൂർ-സേലം പാത രണ്ട് ലൈനാണ്. 159 കിലോമീറ്റർ നീളമുള്ള സേലം – കരൂർ – ദിണ്ഡിഗല്‍ പാത ഒറ്റവരിയും ദിണ്ഡിഗല്‍ – മധുര – തിരുനെല്‍വേലി ഭാഗത്ത് ഇരട്ടപ്പാതയുമാണ്.അതേസമയം ഹൊസൂർ – ദിണ്ഡിഗല്‍ പാതയുടെ ഇരട്ടിപ്പിക്കല്‍ നടപടി വ്യത്യസ്ത പദ്ധതികളായാണ് റെയില്‍വെ നടപ്പാക്കുക. ഹൊസൂർ – ഒമലൂർ പാതയ്ക്ക് 1948 കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പാതയില്‍ 20 പ്രധാന പാലങ്ങളും 359 ചെറും പാലങ്ങളുമാണ് നിർമ്മിക്കുക. അതേസമയം സേലം-കരൂർ-ഡിണ്ടിഗല്‍ പാതയില്‍ 18 പ്രധാന പാലങ്ങളും 241 ചെറിയ പാലങ്ങളും ഉണ്ടാകും. 2242 കോടിയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. പദ്ധതികള്‍ പൂർത്തിയായാല്‍ ബെംഗളൂരില്‍ നിന്നും മധുരൈ, തൂത്തുക്കുടി ഭാഗങ്ങളിലേക്കുള്ള മുഴുവൻ പാതയും ഇരട്ടിപാതയാകും. ഇതോടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സർവ്വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം പാത ഇരട്ടിപ്പിക്കല്‍ നടപടി റെയില്‍വേയെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല. കാരണം ഭൂമിശാസ്ത്രപരമായി വെല്ലുവിള നിറഞ്ഞ മേഖലകളാണ് ഹൊസൂർ, ധരർമപുരി, ഒമലൂർ എന്നിവ. പദ്ധതിക്ക് ഭൂമിശാസ്ത്രപരമായ തടസങ്ങളും നേരിടേണ്ടി വന്നേക്കാമെന്നാണ് അധികൃതർ നല്കുന്ന മുന്നറിയിപ്പ്.