ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ സർക്കാരിന് പങ്കില്ലെന്ന തന്റെ നിലപാട് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുമോദന പരിപാടി സംഘടിപ്പിച്ചതിൽ സംസ്ഥാന ഭരണകൂടത്തിന് പങ്കില്ലെന്നും കെ.എസ്.സി.എ ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.കെ.എസ്.സി.എയുടെ സെക്രട്ടറിയും ട്രഷററും അനുമോദന പരിപാടിയിലേക്ക് ക്ഷണിച്ചു. ഇത് സർക്കാർ സംഘടിപ്പിച്ച ഒരു ചടങ്ങല്ല. അവർ സംഘടിപ്പിച്ച ഒരു ചടങ്ങാണ്, എന്നെ ക്ഷണിക്കുക മാത്രമാണ് ചെയ്തത്. ഗവർണർ അതിൽ പങ്കെടുക്കുമെന്ന് അവർ അറിയിച്ചിരുന്നു.
അതിനാലാണ് പരിപാടിയിൽ പങ്കെടുത്തത്. അതല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയില്ല,” സിദ്ധരാമയ്യ പറഞ്ഞു.ആർസിബി ഐപിഎൽ കിരീടം നേടിയതിനെത്തുടർന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) സംഘടിപ്പിച്ച പ്രത്യേക അനുമോദന ചടങ്ങിനിടെ സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത് 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ സിദ്ധരാമയ്യ, കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചപ്പോഴും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത പാലം തകർന്ന് നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായപ്പോൾ, ആരെങ്കിലും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടോ എന്ന് വിമർശകരോട് ചോദിച്ചു.അതേസമയം പൊലീസിന്റെ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ളവ്യക്തമായ മുന്നറിയിപ്പ് അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
ജൂൺ 4 ന് അയച്ച കത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) എംഎൻ കരിബസ്വണ്ണ, സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ഡിപിഎആറിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.ഡിപിഎആർ മേധാവി ജി സത്യവതിയെ അഭിസംബോധന ചെയ്ത കത്തിൽ, പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന ഗുരുതരമായ ആശങ്കകൾ വിധാൻ സൗധ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു.
പരിപാടിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മതിയായ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് സംസ്ഥാന സർക്കാർ പോലീസിനെ കുറ്റപ്പെടുത്തുകുയും ബെംഗളൂരു പോലീസ് കമ്മീഷണർ ഉൾപ്പെടെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലെ വീഴ്ച ആരോപിച്ച് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരന്നു.