Home കർണാടക ബെംഗളൂരുവിലെ ഗതാഗതകുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി; റോപ്‌വേയും പോഡ് ടാക്‌സികളും പരിഗണനയില്‍

ബെംഗളൂരുവിലെ ഗതാഗതകുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി; റോപ്‌വേയും പോഡ് ടാക്‌സികളും പരിഗണനയില്‍

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റോപ്‌വേകള്‍ മുതല്‍ ഇൻവെർട്ടഡ് റെയിലുകള്‍ വരെയുള്ള വിവിധതരം പോഡ് ടാക്‌സി സംവിധാനങ്ങള്‍ പരിശോധിക്കാൻ ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഒരുങ്ങുന്നു.മുംബൈ നഗരത്തില്‍ അടുത്തിടെ എഐ അധിഷ്ഠിത പോഡ് ടാക്‌സികള്‍ക്ക് തറക്കല്ലിട്ടതിന് പിന്നാലെ, ബംഗളൂരു ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യൻ നഗരങ്ങളും സമാനമായ സാധ്യതകള്‍ തേടുകയാണ്.മുമ്പ് 2018-ല്‍ പഴയ ബൃഹത് ബെംഗളൂരു മഹാനഗര പാലിക അവസാനഘട്ട കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും കാർബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുമായി പോഡ് ടാക്‌സി സംവിധാനം എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അന്ന് ആ പദ്ധതി യാഥാർത്ഥ്യമായില്ല. ഇത്തവണ, ബി സ്മൈല്‍ മൂന്ന് പ്രധാന ഓപ്ഷനുകളാണ് പരിഗണിക്കുന്നത്: തൂങ്ങിക്കിടക്കുന്ന ഇൻവെർട്ടഡ് റെയിലുകള്‍, പേഴ്‌സണല്‍ റാപ്പിഡ് ട്രാൻസിറ്റ് സംവിധാനങ്ങള്‍, റോപ്‌വേകള്‍ എന്നിവയാണവ.

ഇന്ത്യൻ നഗരങ്ങളായ വാരണാസിയിലെ റോപ്‌വേയും അഹമ്മദാബാദിലെ ഇൻവെർട്ടഡ് റെയിലുകളും പോലുള്ള ഗതാഗത സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അല്ലെങ്കില്‍ അവ പുരോഗതിയിലാണെന്നും ബി സ്‌മൈല്‍ അധികൃതരെ ഉദ്ധരിച്ച്‌ ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. ഈ നഗരങ്ങളിലേത് സമാനമായ സംവിധാനമാണ് ബെംഗളൂരുവിലും കൊണ്ട് വരാൻ അധികൃതർ ലക്ഷ്യമിടുന്നത്.’ബെംഗളൂരുവില്‍ ഏതാണ് ഏറ്റവും പ്രായോഗികമായതെന്നും എവിടെയാണ് ഇത് പ്രയോജനപ്പെടുത്താനാകുന്നതെന്നും ഞങ്ങള്‍ പഠിച്ചുവരികയാണ്. പഠനം പ്രാഥമിക ഘട്ടത്തിലാണ്’ എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചത്. നഗരത്തിലെ ഒന്നാംഘട്ട, അവസാനഘട്ട കണക്റ്റിവിറ്റി മെച്ചപ്പെടുത്തി റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതാണ് ഈ ഗതാഗത സംവിധാനത്തിന്റെ ലക്ഷ്യം.നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഒന്നുകില്‍ റോഡുകളില്‍ നിന്ന് വാഹനങ്ങള്‍ ഒഴിവാക്കണം, അല്ലെങ്കില്‍ അധിക സ്ഥലം കണ്ടെത്തണം എന്നാണ് ബി സ്‌മൈല്‍ പറയുന്നത്. തുരങ്കങ്ങളും മേല്‍പ്പാലങ്ങളും പ്രയോജനപ്പെടുത്തി ഈ അധിക ഇടം സൃഷ്‌ടിക്കാൻ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.റോഡുകള്‍ക്ക് ഭാരമാകാതെ അധിക ഇടം സൃഷ്‌ടിക്കാൻ പോഡ് ടാക്‌സികളും ഒരു മാർഗമാണ്.

ഇത് വികസിച്ചുവരുന്ന ഒര ആശയമാണ്; എവിടെയെത്തുമെന്ന് നോക്കാമെന്നും ബി സ്‌മൈല്‍ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പോഡ് ടാക്‌സികള്‍ നിർമ്മിക്കാനാകുമോ അതോ ഒരു പ്രത്യേക സ്ഥാപനത്തെ ചുമതലപ്പെടുത്തേണ്ടതുണ്ടോ എന്നും ബി സ്‌മൈല്‍ പരിശോധിക്കുന്നുണ്ട്.നിലവില്‍ ജനസംഖ്യ കൂടുതലുള്ളതും എന്നാല്‍ സൗകര്യങ്ങള്‍ കുറഞ്ഞതുമായ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഈ ആശയം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മെട്രോ കണക്റ്റിവിറ്റി പരിമിതമായ പ്രദേശങ്ങളില്‍ പോഡ് ടാക്‌സി സംവിധാനം ഉപയോഗിക്കാമെന്നാണ് ഈ രംഗത്തെ വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.നിലവില്‍ എംജി റോഡ് മുതല്‍ മരത്തഹള്ളി വഴി വർത്തുർ വരെയുള്ള ഓള്‍ഡ് എയർപോർട്ട് റോഡില്‍ മെട്രോ പദ്ധതികളൊന്നുമില്ല. റോഡുകള്‍ ഇടുങ്ങിയതും വികസിപ്പിക്കാനുള്ള സാധ്യതകള്‍ കുറവുമാണ്. അത്തരം സാഹചര്യങ്ങളില്‍ ഉയർത്തിയ പോഡ് ടാക്‌സികള്‍ പരിഗണിക്കാവുന്നതാണ്. ഇത് മെട്രോയിലേക്കുള്ള പ്രവേശനവും മെച്ചപ്പെടുത്തുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group