Home Featured ആർ‌സി‌ബി വിജയാഘോഷ ദുരന്തം; വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ

ആർ‌സി‌ബി വിജയാഘോഷ ദുരന്തം; വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ

by admin

ബെംഗളൂരു: ആർ‌സി‌ബിയുടെ ഐ‌പി‌എൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനവുമായി ബിജെപി. കർണാടക ബിജെപി നേതാക്കൾ വിധാൻ സൗധയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ പടികളിൽ ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്തി.സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനുമെതിരെ കർണാടകയിലെ മുതിർന്ന ബിജെപി നേതാക്കൾ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനേക്കാൾ ആർ‌സി‌ബി താരങ്ങളോടൊപ്പം സെൽഫിയെടുക്കുന്നതിനും ആഘോഷിക്കുന്നതിനുമാണ് ഇരുനേതാക്കളും മുൻഗണന നൽകിയതെന്ന് കർണാടക പ്രതിപക്ഷ ഉപനേതാവും ബിജെപി എംഎൽഎയുമായ അരവിന്ദ് ബെല്ലാദ് ആരോപിച്ചു.കർണാടകയിലെ ഈ വലിയ ദുരന്തത്തിൽ 30 ലധികം സാധാരണ പൗരന്മാർക്ക് പരിക്കേറ്റു. 11 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇതിൽ കുറ്റവാളികളാണ്. അവർ താരങ്ങള്‍ക്കൊപ്പം സെൽഫിയെടുക്കാനും വിജയം ആഘോഷിക്കാനുമാണ് ശ്രമിച്ചത്.

അതോടെ പൊലീസിൻ്റെയും ഉദ്യോഗസ്ഥരുടെയും മുഴുവൻ ശ്രദ്ധയും അതിലേക്ക് കേന്ദ്രീകരിച്ചു. അവർ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും സംരക്ഷണം നൽകുന്ന തിരക്കിലായിരുന്നു. സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ആരും ശ്രദ്ധിച്ചില്ല. ഇവർക്ക് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല. എല്ലാ പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവയ്ക്കണം,” എന്ന് ബെല്ലാദ് പറഞ്ഞു. ഇരുവരുടേയും രാഷ്ട്രീയ ക്രെഡിറ്റ് യുദ്ധമാണ് ഇതിന് കാരണമായതെന്നും ബെല്ലാദ് വിമർശനമുയർത്തി.

അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച നഷ്‌ടപരിഹാരം 25 ലക്ഷം രൂപയായി ഉയർത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. സർക്കാർ നേരത്തെ 10 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ (കെ‌എസ്‌സി‌എ) ഉന്നത ഉദ്യോഗസ്ഥരായ സെക്രട്ടറി എ ശങ്കറും ട്രഷറർ ഇ എസ് ജയറാമും രാജിവച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group