ബെംഗളൂരു: മംഗളൂരു-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ. മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സോമണ്ണ ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരു-ബെംഗളൂരു പാതയിലെ വൈദ്യുതീകരണ ജോലികൾ പൂർത്തിയായെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വന്ദേ ഭാരത് സർവീസിന് ഇത് നിർണായകമായ അത്യാവശ്യമായിരുന്നു. ഇതോടെ ഇനി ശേഷിക്കുന്നത് മറ്റ് അന്തിമ നടപടിക്രമങ്ങൾ മാത്രമാണ്. അദ്ദേഹം പറഞ്ഞു.’അടുത്ത മാസം പ്രധാനമന്ത്രി ഏതാനും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. അതിൽ മംഗളൂരു-ബെംഗളൂരു വന്ദേ ഭാരതും ഉൾപ്പെടും,” മന്ത്രി പറഞ്ഞു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനവും നടന്നുവരികയാണെന്നും സോമണ്ണ കൂട്ടിച്ചേർത്തു.
38 കോടി രൂപ ചെലവിൽ മംഗളൂരു ജംഗ്ഷൻ സ്റ്റേഷൻ നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്, ഒക്ടോബറോടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മംഗളൂരു സെൻട്രൽ സ്റ്റേഷന്റെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ശിവമോഗ-ശൃംഗെരി-മംഗളൂരു റൂട്ടിൽ 3,300 കോടി രൂപ ചെലവിൽ പുതിയ പാതയ്ക്ക് മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ടെന്ന് സോമണ്ണ പറഞ്ഞു. നിർദ്ദിഷ്ട 332 കിലോമീറ്റർ ട്രാക്കിന്റെ അന്തിമ ലൊക്കേഷൻ സർവേ (FLS) ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും ഉടൻ ടെൻഡറുകൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.247 കിലോമീറ്റർ ദൈർഘ്യമുള്ള ഹാസൻ-മംഗളൂരു പാത ഇരട്ടിപ്പിക്കൽ ജോലികൾ 8,300 കോടി രൂപ ചെലവിൽ ഏറ്റെടുക്കും. നിലവിൽ ചുരം വിഭാഗത്തിൽ FLS നടക്കുന്നുണ്ട്, കൂടാതെ ഒരു DPR പരിശോധനയിലാണ്.
ഷൊർണൂരിനും മംഗളൂരുവിനും ഇടയിലുള്ള 306 കിലോമീറ്റർ ദൂരത്തിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി വർധിപ്പിക്കുന്നതിനുള്ള സർവേ പൂർത്തിയായതായും ഒരു ഡിപിആർ ഉടൻ തയ്യാറാക്കുമെന്നും സോമണ്ണ പറഞ്ഞു.അതേസമയം പുതിയ വന്ദേഭാരത് ട്രെയിനിന്റെ സമയവിവരങ്ങൾ ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പുറപ്പെടൽ, എത്തിച്ചേരൽ സമയങ്ങളോ, യാത്രാ സമയമോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സർവീസിന്റെ കൂടുതൽ വിവരങ്ങൾ വരാത്തതിനാൽ തന്നെ ടിക്കറ്റ് നിരക്കുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പുകൾ റെയിൽവേ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.