ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികയായ റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി രൂപ.സംഭവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആറുപേരെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു.ശിവാജി നഗറിലെ അപ്പാർട്ട്മെന്റില്‍ തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയായ ലക്ഷ്മി രാമമൂർത്തിയാണ് (74) തട്ടിപ്പിനിരയായത്. കേസില്‍ തമിഴ്നാട് ഈറോഡിലെ എൻ. ശിവജ്ഞാനം, മുംബൈയിലെ അക്കാച്ച് മല്ലിക്, അഹമ്മദാബാദിലെ പാലക് ഭായ് പട്ടേല്‍, അമിത് നരേന്ദ്ര പട്ടേല്‍, ന്യൂഡല്‍ഹിയിലെ ഓം പ്രകാശ് രജ്പുത്, ബിഹാറിലെ ഗൗരവ് കുമാർ എന്നിവരാണ് പിടിയിലായത്.ലക്ഷ്മി രാമമൂർത്തിക്ക് അക്കൗണ്ടുള്ള സ്വകാര്യബാങ്കിലെ മാനേജരുടെ സമയോചിത ഇടപെടലിലൂടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ഇവരുടെ മക്കളെല്ലാം വിദേശത്താണ് താമസിക്കുന്നത്. ഇവർ ബെംഗളൂരുവിലും ദുബായിലും അധ്യാപികയായി ജോലിചെയ്തിരുന്നു.
സി.ബി.ഐ., ഇ.ഡി. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചമഞ്ഞാണ് പ്രതികള്‍ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി പണം കവർന്നത്. നിയമവിരുദ്ധ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ആദ്യം. നിയമനടപടി ഭയന്ന് ലക്ഷ്മി ഫെബ്രുവരി 10-നും മാർച്ച് 24-നും ഇടയില്‍ ഘട്ടംഘട്ടമായി തട്ടിപ്പുകാർക്ക് 24 കോടി രൂപ ഓണ്‍ലൈനിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. എന്നിട്ടും പ്രതികള്‍ ഭയപ്പെടുത്തി ഇവരില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടു.കൂടുതല്‍ പണം കണ്ടെത്താനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന മകളുടെ 1.3 കിലോ സ്വർണാഭരണങ്ങള്‍ പണയംവെക്കാൻ ബാങ്കിലെത്തി. ഇവരുടെ പെരുമാറ്റവും വൻതുകയുടെ ഓണ്‍ലൈൻ ഇടപാടും ശ്രദ്ധയില്‍പ്പെട്ട ബ്രാഞ്ച് മാനേജർക്ക് സംശയംതോന്നി വിവരം പോലീസില്‍ അറിയിച്ചു. പോലീസ് ബാങ്കിലെത്തി ലക്ഷ്മിയെ ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്.തുടർന്ന് ബെംഗളൂരു സൈബർ പോലീസ് ഇവർ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്ക് കൈമാറിയ നാലുകോടിയിലധികം രൂപ മരവിപ്പിക്കാനും 1.46 കോടി രൂപ കണ്ടെടുക്കാനും പോലീസിന് സാധിച്ചു.