Home കർണാടക ബസ് കണ്ടക്ടറുടെ ശമ്പളം കൊണ്ട് കെട്ടിപ്പടുത്തത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി, ശ്രദ്ധേയമായി 75കാരന്റെ പുസ്തക വീട്‌

ബസ് കണ്ടക്ടറുടെ ശമ്പളം കൊണ്ട് കെട്ടിപ്പടുത്തത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി, ശ്രദ്ധേയമായി 75കാരന്റെ പുസ്തക വീട്‌

ബംഗളൂരു: ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറി കാത്തുസൂക്ഷിക്കുന്നയാളെ രാജ്യം ആദരിച്ചു.പണമോ പ്രശസ്തിയോ ആഗ്രഹിക്കാതെ തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരനെ ഈ വർഷത്തെ പത്മശ്രീ പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ഹരളഹള്ളി ഗ്രാമത്തില്‍ അങ്കെ ഗൗഡ സ്ഥാപിച്ച പുസ്തക വീട് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറികളില്‍ ഒന്നാണ്. 20 ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഈ അക്ഷരപ്പുരയിലുള്ളത്.ചിനകുർലി ഗ്രാമത്തില്‍ ജനിച്ച അങ്കെ ഗൗഡയുടെ ജീവിതം ദീർഘകാലം ബസുകളിലെ ടിക്കറ്റ് റാക്കുകള്‍ക്കിടയിലായിരുന്നു.

യാത്രക്കാരുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹത്തിന്റെ മനസ് മുഴുവനും പുസ്തകങ്ങളിലായിരുന്നു. പകല്‍ സമയത്ത് ബസ് ജീവനക്കാരനായി ജോലി നോക്കുമ്പോഴും വൈകുന്നേരങ്ങളില്‍ കോളേജില്‍ പോയി കന്നഡ സാഹിത്യത്തില്‍ ബി.എ, എം.എ ബിരുദങ്ങള്‍ സ്വന്തമാക്കി. പിന്നീട് ഒരു പഞ്ചസാര ഫാക്ടറിയിലും അദ്ദേഹം ജോലി ചെയ്തു. തന്റെ ശമ്പളവും, വിരമിച്ചപ്പോള്‍ ലഭിച്ച തുകയും, അതിനുപുറമെ മൈസൂരിലുണ്ടായിരുന്ന സ്വന്തം വസ്‌തു വിറ്റ പണവും പൂർണമായും ഗൗഡ വിനിയോഗിച്ചത് പുസ്തകങ്ങള്‍ വാങ്ങാനും അതിലൂടെ ലൈബ്രറി കെട്ടിപ്പടുക്കാനുമായിരുന്നു. തന്റെ ഇരുപതാമത്തെ വയസില്‍ പുസ്തകങ്ങള്‍ ശേഖരിക്കാൻ തുടങ്ങിയതാണ് ഗൗഡ. ഇന്ന് അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല.സാഹിത്യം, ശാസ്ത്രം, പുരാണം, തത്ത്വ ചിന്ത എന്നിവയുള്‍പ്പെടെ ഇരുപതിലധികം ഭാഷകളിലെ പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുണ്ട്.

കൂടാതെ, 1832-ലധികം പുരാതനമായ അപൂർവ്വ കൈയെഴുത്തുപ്രതികളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം നിഘണ്ടുക്കളും, മുപ്പത്തയ്യായിരത്തോളം അന്താരാഷ്ട്ര മാസികകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.മഹാത്മാഗാന്ധിയെക്കുറിച്ചും ഭഗവദ്ഗീതയെക്കുറിച്ചും മാത്രമായി രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങള്‍ വീതമുള്ള പ്രത്യേക വിഭാഗങ്ങള്‍ തന്നെ ഈ അക്ഷരപ്പുരയിലുണ്ട്. ബൈബിള്‍ അടക്കമുള്ള മറ്റ് വിവിധ വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കൊപ്പം, കന്നഡ സാഹിത്യ നിധിക്ക് കാവലായി അഞ്ച് ലക്ഷത്തോളം അപൂർവ്വ വിദേശ പുസ്തകങ്ങളും വിപുലമായ ശേഖരത്തിന് മാറ്റുകൂട്ടുന്നു. വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപർക്കും ഗവേഷകർക്കും തികച്ചും സൗജന്യമായാണ് ലൈബ്രറിയിലെ സേവനങ്ങള്‍ ഗൗഡ നല്‍കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group