Home Featured വഖഫ് ഭേദഗതി ബില്ലിനെതിെര പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ

വഖഫ് ഭേദഗതി ബില്ലിനെതിെര പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ

by admin

പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ എതിര്‍പ്പിനിടെ കര്‍ണാടക നിയമസഭ വിവാദ വഖഫ് ഭേദഗതി ബില്‍ 2025നെതിരെ പ്രമേയം പാസാക്കി. ബില്‍ ഭരണഘടന വിരുദ്ധവും നീതി, സമത്വം, തുല്യത തുടങ്ങിയ തത്വങ്ങള്‍ക്കെല്ലാം കടകവിരുദ്ധമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.ശബ്‌ദ വോട്ടോടെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. അതേസമയം വോട്ടിങ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ബിജെപി എംഎല്‍ൾമാര്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഉയര്‍ത്തി. നിയമപാര്‍ലമെന്‍ററികാര്യമന്ത്രി എച്ച് കെ പാട്ടീലാണ് പ്രമേയം കൊണ്ടു വന്നത്.

ഈ സഭ ഏകകണ്ഠമായി വഖഫ് (ഭേദഗതി)ബില്‍ 2024നെ എതിര്‍ക്കുന്നു. ഇത് പൂര്‍ണമായും സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വമാനവികത സങ്കല്‍പ്പങ്ങള്‍ക്ക് കടകവിരുദ്ധമാണ്. അത് കൊണ്ട് തന്നെ ഈ ബില്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.വഖഫ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശങ്ങളാണെന്ന് നേരത്തെ പാട്ടീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഏകപക്ഷീയ നിയമനിര്‍മ്മാണങ്ങളിലൂടെ സംസ്ഥാനത്തിന്‍റെ ഭരണ-നിയമനിര്‍മ്മാണ അധികാരങ്ങള്‍ക്ക് മേല്‍ കടന്ന് കയറാന്‍ ശ്രമിക്കുകയാണ്.

ബില്‍ ഫെഡറല്‍ ഘടനയുടെ തത്വങ്ങള്‍ക്ക് തന്നെ എതിരാണ്. വഖഫ് ബോര്‍ഡുകളെ ഇത് ദുര്‍ബലപ്പെടുത്തുന്നതോടൊപ്പം അവരുടെ അധികാരങ്ങള്‍ കവരാനും ശ്രമിക്കുന്നു. വഖഫ് നിയമത്തിന്‍റെ ജനാധിപത്യ സവിശേഷതകളെ ഇത് നശിപ്പിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചെയര്‍മാനെയും അംഗങ്ങളെയും വഖഫ് ബോര്‍ഡുകളില്‍ നിയമിക്കാനും ഇത് വ്യവസ്ഥ ചെയ്യുന്നു.തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആര്‍ അശോക, ബിജെപി എംഎല്‍എമാരായ സുനില്‍ കുമാര്‍, ബസനഗൗഡ പാട്ടീല്‍ യത്നാല്‍, അരാഗ ജ്ഞാനേന്ദ്ര തുടങ്ങിയവരുടെ ആരോപണം.

ഇത് മുസ്ലീം പ്രീണനത്തിന്‍റെ ഉത്തുംഗശൃംഗമാണ്. സംസ്ഥാന സര്‍ക്കാര്‍ കഷ്‌ടപ്പെടുന്ന കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു. ഇവരുടെ രേഖകള്‍ രായ്ക്ക് രാമാനം വഖഫ് ബോര്‍ഡുകള്‍ക്ക് അനുകൂലമാക്കി മാറ്റിയെന്നും അശോക ആരോപിച്ചു.അതേസമയം പ്രമേയത്തെ എതിര്‍ത്ത് കൊണ്ട് സ്വന്തം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നായിരുന്നു ഭരണപക്ഷം തിരിച്ചടിച്ചത്. ഭരണപ്രതിപക്ഷങ്ങളുടെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടെ സ്‌പീക്കര്‍ യു ടി ഖാദര്‍ പ്രമേയം പാസാക്കാനായി വച്ചു.

ബജറ്റിന്‍റെ 25 ശതമാനം പിന്നാക്കക്കാര്‍ക്ക് നീക്കി വയ്ക്കണം :തങ്ങള്‍ ചെയ്യുന്നത് പോലെ കേന്ദ്ര ബജറ്റിന്‍റെ പദ്ധതിച്ചെലവുകളില്‍ 25 ശതമാനം പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി നീക്കി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു പ്രമേയവും കര്‍ണാടക സര്‍ക്കാര്‍ പാസാക്കി.2025-26 വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റിന്‍റെ 50.34 ലക്ഷം കോടിയുടേതാണ്. അതില്‍ കേവലം 1.68 ലക്ഷം കോടി മാത്രമാണ് പട്ടികജാതിക്കാരുടെ വികസനത്തിന് നീക്കി വച്ചിട്ടുള്ളത്. 1.29 ലക്ഷം കോടി പട്ടിക വര്‍ഗക്കാര്‍ക്കും. ഇത് ജനസംഖ്യാനുപാതികമായി വളരെ കുറഞ്ഞ തുകയാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 25 ശതമാനവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗമാണെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു ആവശ്യമുന്നയിക്കാന്‍ യാതൊരു ധാര്‍മ്മികാവകാശവുമില്ലെന്ന് പറഞ്ഞായിരുന്നു ഇതിനെ ബിജെപി എതിര്‍ത്തത്. പട്ടികജാതി-പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായി ഫണ്ട് നീക്കി വയ്ക്കുന്നതിനുള്ള നിയമം നിര്‍മ്മിച്ചതിന്‍റെ അവകാശം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. എന്നാല്‍ മറുവശത്ത് ഈ ഫണ്ടില്‍ വലിയൊരു ഭാഗവും മറ്റ് കാര്യങ്ങള്‍ക്കായി ചെലവിടുന്നെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group