മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തില്‍ തന്നെ നിലവിലുണ്ട്. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെയും സാരമായി ബാധിക്കുന്നു. അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും യുവജനങ്ങളെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാക്കുകയാണ്.ഇതോടെ സോംബി ഡ്രഗിനെക്കുറിച്ചുള്ള ചർച്ച സജീവമായി. പൊതുവഴിയില്‍ അനങ്ങാതെ നില്ക്കുന്ന ഒരാളുടെ വീഡിയോയാണ് വൈറലായത്. സോംബി ഡ്രഗ് ഉപയോഗിച്ചതിന് ശേഷമാണ് ഇങ്ങനെ പെരുമാറുന്നതെന്നാണ് സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ പലരും പറയുന്നത്. എന്നാല്‍, ഈ വാദത്തിന് ഔദ്യോഗിക സ്ഥീരീകരണമില്ല.
താനെ ജില്ലയിലെ മീര ഭയാന്‍ഡറില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ചുറ്റുമുള്ള ആളുകളെയോ വാഹനങ്ങളോ കണ്ടിട്ടും യാതൊരു പ്രതികരണവുമില്ലാതെ ഒരാള്‍ നില്‍ക്കുന്നതാണ് കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ചർച്ച ഉയർന്നത്. പ്രാദേശിക ഇൻസ്റ്റാഗ്രാം പേജാണ് ഇത് ആദ്യം പങ്കുവെച്ചത്. പെട്ടെന്ന് തന്നെ പ്ലാറ്റ്ഫോമുകളിലുടനീളം പ്രചരിച്ചു. പഞ്ചാബില്‍ ഇത്തരം ഡ്രഗുകള്‍ വ്യാപകമാണെന്ന് പലരും പറഞ്ഞു.അതേസമയം, സ്ഥിരീകരിച്ച വിവരങ്ങളില്ലാതെ വീഡിയോയെ മയക്കുമരുന്നുമായി ബന്ധിപ്പിക്കുന്നതിനെതിരെ നിരവധി ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്കി. ഇന്ത്യയില്‍ ഇത്തരമൊരു കാര്യം എൻസിബി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിലപ്പോള്‍ അയാള്‍ രോഗിയായിരിക്കാം. ആരെയും അനാവശ്യമായി ലക്ഷ്യം വയ്ക്കരുതെന്നും അഭിപ്രായമുയർന്നു. സമാനമായ ഒരു വീഡിയോ മുമ്പ് ബെംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും സോംബി ഡ്രഗ് ആരോപണമുയർന്നു. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും ആരോപണം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിന് ശേഷം മാർച്ച് 9 ന് ബാംഗ്ലൂർ സിറ്റി പോലീസ് പുറത്തിറക്കിയ ഇക്കാര്യം വ്യക്തമാക്കി. വീഡിയോയില്‍ പ്രചരിക്കുന്നയാളെ കസ്റ്റഡിയിലെടുത്തെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം, ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
ഇയാള്‍ക്ക് ആർത്രൈറ്റിസ് ബാധിച്ചിട്ടുണ്ടെന്നും മദ്യത്തോടൊപ്പം വേദനസംഹാരിയും കഴിച്ചതിനാലാണ് ഇങ്ങനെ പെരുമാറിയതെന്നും പൊലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച 29-കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മീര ഭയാന്ദര് കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.എന്താണ് സോംബി ഡ്രഗ് ?പ്രധാനമായും സൈലാസിൻ (Xylazine) എന്ന മരുന്നിനെയാണ് സോംബി ഡ്രഗ് (Zombie Drug) എന്ന് വിളിക്കുന്നത്. ഇതിനെ ‘ട്രാൻക്’ (Tranq) എന്നും വിളിക്കാറുണ്ട്. മനുഷ്യർക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്ത, മൃഗചികിത്സയില്‍ (പ്രധാനമായും കുതിരകളെയും കന്നുകാലികളെയും) മയക്കാനായി ഉപയോഗിക്കുന്ന സെഡേറ്റീവ് ആണിത്.ഈ മരുന്ന് ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ ഭീകരമായ മുറിവുകളും വ്രണങ്ങളും ഉണ്ടാകുന്നു. ഇത് ചർമ്മത്തിലെ കോശങ്ങള്‍ ചീഞ്ഞഴുകാൻ (Skin Necrosis) കാരണമാകും. ഈ മുറിവുകള്‍ കണ്ട് ഭയന്നാണ് ഇതിനെ സോംബി ഡ്രഗ് എന്ന് വിളിക്കുന്നത്. ചികിത്സിച്ചില്ലെങ്കില്‍ കൈകാലുകള്‍ മുറിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.ഇത് ഉപയോഗിക്കുന്നവർക്ക് ബോധം നഷ്ടപ്പെടുകയും മയക്കത്തിലാവുകയും ചെയ്യുന്നു. അവർ നില്ക്കുന്ന നില്പില് തന്നെ അനങ്ങാതെ മണിക്കൂറുകളോളം കഴിയുന്നത് കണ്ടാല്‍ സിനിമകളിലെ സോമ്പികളെപ്പോലെ തോന്നിപ്പിക്കും. ശ്വസനപ്രക്രിയ വളരെ മന്ദഗതിയിലാക്കും.