ബ്രിട്ടൻ: ഭൂമിയുടെ കാലാവസ്ഥയെ ക്രമീകരിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന സമുദ്രത്തിലെ ‘കണ്‍വെയർ ബെല്‍റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അറ്റ്ലാന്റിക് മെറിഡിയോണല്‍ ഓവർടേണിംഗ് സർക്കുലേഷൻ എന്ന അമോക് തകരാനുള്ള സാധ്യത മുമ്പ് കരുതിയതിനേക്കാള്‍ വളരെ കൂടുതലാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ.സമുദ്രജലത്തിലെ താപനിലയും ലവണാംശവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം നിലച്ചാല്‍ അത് ലോകമെമ്പാടും പെട്ടെന്നുള്ളതും വിനാശകരവുമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുള്ള ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക് മേഖലയിലെ മഞ്ഞുപാളികള്‍ ഉരുകുകയും സമുദ്രത്തിലേക്ക് വൻതോതില്‍ ശുദ്ധജലം ഒഴുകിയെത്തുകയും ചെയ്യുന്നു.
ഇത് സമുദ്രജലത്തിന്റെ ലവണാംശം കുറയ്ക്കുകയും നീരൊഴുക്കിന്റെ സ്വാഭാവിക ഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ സംവിധാനം അതിന്റെ തകർച്ചയുടെ ഘട്ടത്തിലേക്ക് മുമ്പ് കരുതിയതിനേക്കാള്‍ വളരെ വേഗത്തില്‍ അടുത്തുകൊണ്ടിരിക്കുകയാണ്.ഈ സംവിധാനം തകർന്നാല്‍ അത് തിരിച്ചുവരവില്ലാത്ത വിധം ആഗോള കാലാവസ്ഥയെ മാറ്റിമറിക്കും. യൂറോപ്പിലെ താപനില ദശകങ്ങള്‍ക്കുള്ളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാൻ ഇത് കാരണമായേക്കാം. ഇത് വടക്കൻ യൂറോപ്പില്‍ അതിശൈത്യത്തിന് വഴിതെളിക്കും. തെക്കൻ അർദ്ധഗോളത്തില്‍ ചൂട് വർദ്ധിക്കുന്നതിനും ഈ സംവിധാനം തകരുന്നത് കാരണമാകും. കാലാവസ്ഥാ പ്രതിസന്ധി കാരണം ഇത് കഴിഞ്ഞ 1600 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആഗോള കാലാവസ്ഥാ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് അമോക്. ഉഷ്ണമേഖലയിലെ ചൂടുവെള്ളം യൂറോപ്പിലേക്കും ആർട്ടിക്കിലേക്കും എത്തിച്ച് അവിടെവെച്ച് വെള്ളം തണുത്ത് താഴേക്ക് പോയി തിരിച്ചുള്ള ഒഴുക്കായി മാറുന്നതില്‍ അമോകിനുള്ള പങ്ക് വളരെ വലുതാണ്.
ഈ സംവിധാനം തകർന്നാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൃഷിക്കായി ആശ്രയിക്കുന്ന മഴയുടെ ലഭ്യത മാറും. പടിഞ്ഞാറൻ യൂറോപ്പില്‍ അതിശൈത്യവും വേനല്‍ക്കാല വരള്‍ച്ചയും അനുഭവപ്പെടും. കൂടാതെ അറ്റ്ലാന്റിക് സമുദ്രനിരപ്പ് 50 മുതല്‍ 100 സെന്റിമീറ്റർ വരെ ഉയരാനും ഇത് കാരണമാകും.നിലവിലെ കാലാവസ്ഥാ മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വേഗത്തില്‍ അമോക് ദുർബലമാകുന്നു എന്നാണ് ഫ്രാൻസിലെ ഇൻറിയ റിസർച്ച് സെന്ററിലെ ഡോ. വാലന്റൈൻ പോർട്ട്മാൻ വിശദമാക്കുന്നത്. ഇതിനെ ആശങ്കാജനകമായ ഫലം എന്നാണ് ജർമ്മനിയിലെ പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ സ്റ്റെഫാൻ രാംസ്റ്റോർഫ് വിശേഷിപ്പിച്ചത്. നിരീക്ഷണ ഡാറ്റയുമായി പൊരുത്തപ്പെടുന്ന മോഡലുകള്‍ അമോകിന്റെ ശക്തമായ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് സ്റ്റെഫാൻ രാംസ്റ്റോർഫ് പറയുന്നത്.
ഈ നൂറ്റാണ്ടിന്റെ പകുതിയോടെ തന്നെ ഈ മാറ്റം അനിവാര്യമാകുന്ന അവസ്ഥയിലേക്ക് നമ്മള് എത്തിയേക്കുമെന്നും സ്റ്റെഫാൻ രാംസ്റ്റോർഫ് ഭയപ്പെടുന്നു.കഴിഞ്ഞ 35 വർഷമായി അമോകിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനാണ് രാംസ്റ്റോർഫ്. കഴിഞ്ഞ ഒരു ലക്ഷം വർഷത്തിനിടയില്‍ ഭൂമി കണ്ടിട്ടുള്ള ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അമോക് മാറുമ്പോഴാണ് സംഭവിച്ചിട്ടുള്ളതെന്നും സ്റ്റെഫാൻ രാംസ്റ്റോർഫ് കൂട്ടിച്ചേർക്കുന്നു. പല ശാസ്ത്രജ്ഞരും മുമ്പ് കരുതിയിരുന്നത് ഇത്തരം ഒരു തകർച്ച സംഭവിക്കാൻ ഇനിയും നൂറ്റാണ്ടുകള്‍ എടുക്കുമെന്നാണ്. എന്നാല്‍ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ നൂറ്റാണ്ടിന്റെ പകുതിയോടെയോ അല്ലെങ്കില്‍ അതിനു മുൻപോ തന്നെ ഈ പ്രതിഭാസം സംഭവിക്കാമെന്നാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ അടിയന്തരമായി കുറച്ചില്ലെങ്കില്‍ ഭൂമിയുടെ കാലാവസ്ഥാ സന്തുലിതാവസ്ഥ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നത്.