ന്യൂഡല്‍ഹി: യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള ‘മേരാ യുവ ഭാരത്’ സംഘടിപ്പിച്ച പരിപാടിയില്‍ സ്ലീവ്ലെസ് വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ തന്നെ വേദിയില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞതായി ഡല്‍ഹി സർവ്വകലാശാലയിലെ ദൗലത്ത് റാം കോളേജ് വിദ്യാർത്ഥിനി.ഏപ്രില്‍ 12ന് ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നടന്ന ‘നാരി ശക്തി: വികസിത് ഭാരത് കി ആവാസ്’ എന്ന പരിപാടിക്കിടെയാണ് സംഭവം. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയെ ആദരിക്കുന്ന ചടങ്ങിലേക്ക് തന്നെ തെരഞ്ഞെടുത്തിരുന്നെങ്കിലും അവസാന നിമിഷം ഒരു ഉദ്യോഗസ്ഥ എത്തി വസ്ത്രം ശരിയല്ലെന്ന് പറഞ്ഞ് തന്നെ മാറ്റിനിർത്തുകയായിരുന്നുവെന്ന് സാറാ ശർമ്മ എന്ന വിദ്യാർത്ഥിനി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തി. ഇത് തന്നെ ഏറെ ലജ്ജിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി സാറാ പറഞ്ഞു.എന്നാല്‍, സാറയുടെ ഈ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പരിപാടിയില്‍ പങ്കെടുത്ത മറ്റ് സഹപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
വസ്ത്രധാരണമല്ല, മറിച്ച് വേദിയിലെ ചുമതലകള്‍ പരസ്പര ധാരണയോടെ കൈമാറിയതാണ് സംഭവം എന്നാണ് മറ്റ് വിദ്യാർത്ഥിനികളുടെ വാദം. വിഭ ഛബ്ര, ദിശ ഗോയല്‍ എന്നീ വിദ്യാർത്ഥിനികള്‍ സാറയുടെ വീഡിയോയ്ക്ക് താഴെ മറുപടിയുമായി എത്തി. പരിപാടിയില്‍ പങ്കെടുക്കുന്നവർക്കിടയില്‍ ആരൊക്കെ വേദിയില്‍ കയറണം എന്നതിനെക്കുറിച്ച് നടന്ന ചർച്ചയ്ക്കൊടുവില്‍ സാറ സ്വയം മാറിനില്ക്കാൻ സമ്മതിക്കുകയായിരുന്നുവെന്ന് ഇവർ അവകാശപ്പെടുന്നു.സോഷ്യല്‍ മീഡിയയിലെ പ്രശസ്തിക്കായി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നല്കുന്ന ഒരു വേദിയില്‍ ഇത്തരമൊരു വസ്ത്രധാരണ നിയന്ത്രണം ഏർപ്പെടുത്തി എന്നത് ഗൗരവകരമാണെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുമ്പോള്‍, സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.