Home കർണാടക തട്ടിപ്പ് ചോദ്യം ചെയ്തവരോട് “കന്നഡ അറിയില്ലെന്ന്” പ്രിയങ്ക; പ്രതിഷേധം ഇരമ്പിയതോടെ മാപ്പുപറഞ്ഞ് ‘ജയ് കര്‍ണാടക’ വിളിക്കേണ്ടി വന്നു!

തട്ടിപ്പ് ചോദ്യം ചെയ്തവരോട് “കന്നഡ അറിയില്ലെന്ന്” പ്രിയങ്ക; പ്രതിഷേധം ഇരമ്പിയതോടെ മാപ്പുപറഞ്ഞ് ‘ജയ് കര്‍ണാടക’ വിളിക്കേണ്ടി വന്നു!

by ടാർസ്യുസ്

ബെംഗളൂരുവിലെ നിക്ഷേപ തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ആരോപണവിധേയയായ യുവതി പ്രാദേശിക ഭാഷയോട് അനാദരവ് കാണിച്ച സംഭവം കർണാടകയില്‍ വീണ്ടും ഭാഷാവിവാദം ആളിക്കത്തിച്ചു.സ്റ്റോക്ക് മാർക്കറ്റില്‍ വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നാരോപിച്ച്‌ നിക്ഷേപകർ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രിയങ്ക എന്ന യുവതി കന്നഡ ഭാഷ സംസാരിക്കാൻ വിസമ്മതിക്കുകയും ഇരകളായ ജനങ്ങളോട് തട്ടിക്കയറുകയും ചെയ്തത്.സംഭവം പ്രാദേശികവാസികള്‍ക്കിടയില്‍ വലിയ അമർഷത്തിന് ഇടയാക്കി. ഓഹരി വിപണിയില്‍ വൻ തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച്‌ നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ പീന്യ പോലീസ് സ്റ്റേഷനില്‍ പ്രിയങ്കയ്ക്കെതിരെ നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിന് പിന്നാലെ പണം തിരികെ ചോദിച്ചെത്തിയ നിക്ഷേപകരും യുവതിയും തമ്മില്‍ തെരുവില്‍ വെച്ച്‌ രൂക്ഷമായ വാഗ്വാദമുണ്ടായി. തങ്ങളോട് കന്നഡയില്‍ സംസാരിക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടെങ്കിലും, തനിക്ക് ഭാഷ അറിയില്ലെന്ന് പറഞ്ഞ് യുവതി അത് നിരസിക്കുകയായിരുന്നു

.ഈ തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക കൂട്ടായ്മകളും രംഗത്തെത്തി. തുടർന്ന് ഗോവിന്ദരാജ് നഗർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.പോലീസ് ഇടപെടലിന് ശേഷം പോലീസ് സ്റ്റേഷന് പുറത്തുവെച്ച്‌ യുവതി ജനങ്ങളോട് പരസ്യമായി മാപ്പുപറഞ്ഞു. ജയ് കർണാടകയെന്നും കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാവിയില്‍ ഇത്തരം പരാമർശങ്ങള്‍ ആവർത്തിക്കില്ലെന്നും വ്യക്തമാക്കുന്ന യുവതിയുടെ മാപ്പപേക്ഷ വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.ബെംഗളൂരുവില്‍ തദ്ദേശീയരും ഇതര സംസ്ഥാനക്കാരായ കുടിയേറ്റക്കാരും തമ്മില്‍ നിലനില്‍ക്കുന്ന ഭാഷാപരമായ അസ്വാരസ്യങ്ങളെ വീണ്ടും തെരുവിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ പുതിയ സംഭവം.

You may also like

error: Content is protected !!
Join Our WhatsApp Group