Home തിരഞ്ഞെടുത്ത വാർത്തകൾ വിജയ് സിപിഎമ്മിനെ കൈവിട്ടേക്കും; പുതിയ സഖ്യസാധ്യത തെളിഞ്ഞു, അപ്പോഴും ഒരു വെല്ലുവിളി ബാക്കി

വിജയ് സിപിഎമ്മിനെ കൈവിട്ടേക്കും; പുതിയ സഖ്യസാധ്യത തെളിഞ്ഞു, അപ്പോഴും ഒരു വെല്ലുവിളി ബാക്കി

by ടാർസ്യുസ്

സിപിഎം, സിപിഐ പിന്തുണയോടെയാണ് തമിഴ്‌നാട്ടില്‍ വിജയ് നയിക്കുന്ന സഖ്യസര്‍ക്കാരിന്റെ ഭരണം. മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ച ഇടതുപാര്‍ട്ടികള്‍ പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.അതേസമയം, പല വിഷയങ്ങളിലും ഇവര്‍ വിജയ് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്ന ഘട്ടങ്ങളുമുണ്ടായി.വിജയുടെ ബ്രിട്ടന്‍ സന്ദര്‍ശനം, സെക്രട്ടേറിയറ്റ് നിര്‍മാണം, ചെന്നൈ രണ്ടാം വിമാനത്താവളം തുടങ്ങിയ വിഷയങ്ങളിലെല്ലാം സര്‍ക്കാരിനെ കൂടുതല്‍ വിമര്‍ശിക്കുന്നത് ഇടതുപാര്‍ട്ടികളാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ഇവര്‍ സമരം സംഘടിപ്പിക്കുകയും പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇവരെ കൈവിടാന്‍ വിജയ് ആലോചിക്കുന്നു എന്നാണ് പുതിയ അനൗദ്യോഗിക വിവരം.

സിപിഎമ്മിനും സിപഐക്കും രണ്ട് വീതം നിയമസഭാ സീറ്റുകളാണുള്ളത്. ഇവരുടെ പിന്തുണ നഷ്ടമായാല്‍ വിജയ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പരുങ്ങലിലാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് പുതിയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ ടിവികെ രഹസ്യമായി നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിലുള്ള പിഎംകെയെ കൂടെ നിര്‍ത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടത്രെ. പിഎംകെക്ക് നാല് എംഎല്‍എമാരാണുള്ളത്.തമിഴ്‌നാട്ടില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ നിയമ നടപടികള്‍ കോടതിയുടെ പരിഗണനയിലാണ്. രണ്ടിടത്ത് ഒക്ടോബര്‍ ആറിനാണ് പോളിങ്. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ നിയമസഭയില്‍ ടിവികെയുടെ അംഗബലം വര്‍ധിക്കും. എഐഎഡിഎംകെയില്‍ നിന്ന് രാജിവെച്ച സിറ്റിങ് എംഎല്‍എമാരെ തന്നെ മല്‍സരിപ്പിച്ച്‌ വിജയം നേടാനാണ് ടിവികെയുടെ നീക്കം.ടിവികെ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും ഇടതുപാര്‍ട്ടികളും മല്‍സരിക്കുന്നുണ്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ പ്രധാന പാര്‍ട്ടിക്കെതിരെ എന്തിന് മല്‍സരിക്കുന്നു എന്ന ചോദ്യം ടിവികെ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. രണ്ടിടത്തും ജയിക്കാന്‍ സാധിച്ചാല്‍ ഇടതുപാര്‍ട്ടികളെ വിജയ് കൂടുതല്‍ അവഗണിച്ചേക്കും. മാത്രമല്ല, ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും ഒരു കക്ഷിക്കും പിന്തുണ നല്‍കില്ലെന്നും പിഎംകെ പ്രഖ്യാപിച്ചത് ടിവികെക്ക് പ്രതീക്ഷ നല്‍കുന്നു.

ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ കൂടിയാലോചന നടത്തിയില്ല എന്നാണ് പിഎംകെ പറയുന്നത്. അതുകൊണ്ടുതന്നെ അവര്‍ എഐഎഡിഎംകെ സഖ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. പിഎംകെയുടെ ഏറെ കാലമായുള്ള ജാതി സെന്‍സസ് ആവശ്യത്തോട് വിജയ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതും അവരെ ടിവികെ സഖ്യത്തിലേക്ക് അടുപ്പിക്കുന്ന ഘടകമാണ്. പ്രധാന ദ്രാവിഡ പാര്‍ട്ടികളോടൊപ്പം നില്‍ക്കുന്ന പതിവ് തമിഴ്‌നാട് സഖ്യ സമവാക്യങ്ങള്‍ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ മാറ്റം വന്ന കാര്യവും പിഎംകെ മനസിലാക്കുന്നു.ടിവികെ സര്‍ക്കാരില്‍ ചേര്‍ന്നാല്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ സാധിക്കുമെന്നാണ് പിഎംകെ നേതാക്കളുടെ പ്രതീക്ഷ. ടിവികെ സര്‍ക്കാരിനെ വിമര്‍ശിക്കാതെയാണ് പിഎംകെയുടെ മുന്നോട്ട് പോക്ക്. പിഎംകെ നേതാവ് സൗമ്യ അന്‍പുമണി ജലവിഭവ മന്ത്രി എന്‍ ആനന്ദുമായി നടത്തിയ ചര്‍ച്ചയും തമിഴ്‌നാട്ടില്‍ പ്രധാന വാര്‍ത്തയാണ്. മന്ത്രി ആധവ് അര്‍ജുനയുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയുമാണ് ഇവര്‍. അതേസമയം, പിഎംകെയുടെ മുഖ്യ എതിരാളിയായ വിസികെ നിലവില്‍ വിജയ് സര്‍ക്കാരിലുണ്ട്. ഇവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നതാണ് വിജയ്ക്ക് മുന്നിലുള്ള വെല്ലുവിളി.

You may also like

error: Content is protected !!
Join Our WhatsApp Group