ബിഹാറില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ലൈംഗികമായി ആക്രമിച്ച സംഭവത്തിലെ പ്രതിക്ക് വെടിയേറ്റു.കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകവെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഈ വേളയില്‍ പോലീസ് കാലിന് വെടിവെക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.കഴിഞ്ഞ ശനിയാഴ്ചയാണ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്‌കൂട്ടറില്‍ ജാമുയിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിയത്. മടങ്ങുന്ന വേളയില്‍ ഒരു സംഘം ഇവരെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പ്രചരിച്ചത്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കടുത്ത ഭാഷയില്‍ രംഗത്തുവന്നതോടെ പോലീസ് അതിവേഗം നടപടി എടുത്തു.അഞ്ച് മുതിര്‍ന്നവരും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പരിശോധിച്ച ശേഷം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട് എന്ന് പോലീസ് പറയുന്നു. അതിനിടെയാണ് ഇന്ന് പ്രതിക്ക് പോലീസിന്റെ വെടിയേറ്റത്.പ്രധാന പ്രതിയായ നന്ദന്‍ യാദവിനാണ് കാലിന് വെടിയേറ്റത്. കാവി തുണി കൊണ്ട് മുഖം മറച്ചാണ് ഇയാള്‍ വീഡിയോയില്‍ കണ്ടത്. ഇതേ രീതിയില്‍ തന്നെയാണ് പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചതും. തെളിവെടുപ്പിന് കൊണ്ടുപോകവെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. അതേസമയം, വിഷയത്തില്‍ മന്ത്രി നടത്തിയ പ്രതികരണം വിവാദമായി.
ബിഹാര്‍ മന്ത്രിയും സംഭവം നടന്ന ജാമുയി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ശ്രേയസി സിങ് സംഭവത്തെ അപലിപ്പിച്ച് സംസാരിക്കവെയാണ് സദാചാര ഗുണ്ടായിസത്തെ ന്യായീകരിച്ചത്. സദാചാര ഗുണ്ടായിസം കുറച്ചുകൂടി മാന്യതയില്‍ നടത്തണം എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. വിദ്യാര്‍ഥികള്‍ക്കെതിരെ നടന്നത് അംഗീകരിക്കില്ലെന്നും ബിജെപി നേതാവ് കൂടിയായ മന്ത്രി പറയുന്നു.സംഭവം ഒറ്റപ്പെട്ടതാണെന്നായിരുന്നു മറ്റൊരു മന്ത്രിയുടെ പ്രതികരണം. സദാചാര ഗുണ്ടായിസത്തെ ന്യായീകരിച്ച മന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തുവന്നു. ഏത് രീതിയിലാണെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് പവന്‍ ഖേര പറഞ്ഞു. ബലാല്‍സംഗം മാന്യമായി നടത്തിയാല്‍ കുഴപ്പമില്ല എന്ന് മന്ത്രി പറയുമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.