ബെംഗളൂരു: സ്ഥിരം സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതുവരെ സ്‌റ്റൈപന്‍ഡറി നഴ്‌സുമാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം നല്‍കണമെന്നും നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചു.കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് സ്‌റ്റൈപന്‍ഡറി നഴ്‌സുമാര്‍.ഇവര്‍ക്ക് സ്ഥിരം ജീവനക്കാരെപ്പോലെ ശമ്പളത്തിന് പകരം നിശ്ചിത സ്‌റ്റൈപന്‍ഡ് ആണ് ലഭിക്കുന്നത്.മൈസൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കര്‍ണാടക സര്‍ക്കാരും നല്‍കിയ അപ്പീലുകളാണ് ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് ടി.പി. വിവേകാനന്ദ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 2021 ജൂലൈ 22ന് സിംഗിള്‍ ബെഞ്ച് നല്‍കിയ ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍.

സ്‌റ്റൈപന്‍ഡറി നഴ്‌സുമാര്‍ എന്ന പേരില്‍ നിയമിച്ചിരുന്നവര്‍ വര്‍ഷങ്ങളായി സ്ഥിരം സ്റ്റാഫ് നഴ്‌സുമാരുടെ ജോലി തന്നെയാണ് ചെയ്തിരുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരുടെ ജോലികള്‍ ഇവര്‍ പൂര്‍ണസമയവും നിര്‍വഹിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.സ്‌റ്റൈപന്‍ഡറി നഴ്‌സുമാര്‍ എന്ന പേര് നല്‍കി വര്‍ഷങ്ങളോളം താല്‍ക്കാലികമായി ജോലി ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ നിലപാടിനോടും ഡിവിഷന്‍ ബെഞ്ച് യോജിച്ചു. സ്ഥിരം നഴ്‌സുമാര്‍ ചെയ്യുന്ന അതേ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ 2019 ഫെബ്രുവരി 26ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വേതനം ഇവര്‍ക്കും നല്‍കണമെന്ന് കോടതി വ്യക്തമാക്കി.തുല്യ ജോലിക്ക് തുല്യ വേതനംകരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും സ്ഥിരം ജീവനക്കാര്‍ ചെയ്യുന്ന അതേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധിയും ഹൈക്കോടതി പരിഗണിച്ചു. താല്‍ക്കാലിക നിയമനമാണെന്ന കാരണത്താല്‍ തുല്യ വേതനം നിഷേധിക്കാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.
സ്ഥിരം സ്റ്റാഫ് നഴ്‌സുമാരുടെ നിയമനം നടക്കുന്നതുവരെ നിലവിലുള്ള സ്‌റ്റൈപന്‍ഡറി നഴ്‌സുമാര്‍ക്ക് ജോലിയില്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പരിശീലനത്തിനായി ആവശ്യമെങ്കില്‍ പരിമിത കാലത്തേക്ക് പുതിയ സ്‌റ്റൈപന്‍ഡറി നഴ്‌സുമാരെ നിയമിക്കാനും ആശുപത്രിക്ക് അനുമതിയുണ്ട്.സ്ഥിരം സ്റ്റാഫ് നഴ്‌സുമാരുടെ നിയമനം നടത്തുമ്പോള്‍ നിലവിലെ സ്‌റ്റൈപന്‍ഡറി നഴ്‌സുമാരെയും പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ഇവര്‍ സ്ഥാപനത്തില്‍ ജോലി ചെയ്ത കാലയളവ് കണക്കിലെടുത്ത് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.2009 മുതല്‍ താല്‍ക്കാലിക നിയമനംമൈസൂരു മെഡിക്കല്‍ കോളജില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി (GNM) യോഗ്യതയുള്ള നിരവധി നഴ്‌സുമാരെയാണ് സ്‌റ്റൈപന്‍ഡറി നഴ്‌സുമാരായി നിയമിച്ചത്. കുറച്ചുകാലത്തേക്ക് മാത്രമാണ് നിയമിച്ചതെങ്കിലും പലരും വര്‍ഷങ്ങളോളം ജോലി തുടര്‍ന്നു. 2009ല്‍ താല്‍ക്കാലികമായി നിയമിച്ച ചില നഴ്‌സുമാര്‍ 2019ലും ജോലി ചെയ്തിരുന്നു. 2013ല്‍ നിയമിച്ചവരില്‍ പലരും 2018-19 കാലയളവിലും ജോലി ചെയ്തു. സ്ഥിരം സ്റ്റാഫ് നഴ്‌സുമാരുടെ ചുമതലകള്‍ ഇവര്‍ നിര്‍വഹിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
സേവനം തുടരാന്‍ അനുവദിക്കണമെന്നും സ്ഥിരം ജീവനക്കാര്‍ക്ക് തുല്യമായ വേതനം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് അനുകൂല ഉത്തരവ് നല്‍കിയത്. ഇതിനെതിരെയാണ് മെഡിക്കല്‍ കോളജും സംസ്ഥാന സര്‍ക്കാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ആറ് മാസത്തെ പരിശീലനത്തിന്റെ ഭാഗമായാണ് ഇവരെ നിയമിച്ചതെന്നും സ്ഥിരം ജീവനക്കാരുടെ വേതനം നല്‍കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെയും മെഡിക്കല്‍ കോളജിന്റെയും വാദം. സ്‌റ്റൈപന്‍ഡറി നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം സ്‌റ്റൈപന്‍ഡ് നിശ്ചയിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.2020 ജൂലൈ 27ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 12,445 രൂപയായിരുന്നു സ്‌റ്റൈപന്‍ഡ്. പിന്നീട് 2026 മേയ് 20ലെ ഉത്തരവിലൂടെ ഇത് 15,556 രൂപയായി ഉയര്‍ത്തി. നിലവില്‍ ഹര്‍ജിക്കാരായ നഴ്‌സുമാര്‍ക്ക് ഈ തുകയാണ് ലഭിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.