Home തിരഞ്ഞെടുത്ത വാർത്തകൾ കേരളത്തിലേക്ക് എത്തിക്കാൻ ഡല്‍ഹിയില്‍ എംഡിഎംഎ നിര്‍മാണം; വിദേശ വനിതകള്‍ പിടിയില്‍

കേരളത്തിലേക്ക് എത്തിക്കാൻ ഡല്‍ഹിയില്‍ എംഡിഎംഎ നിര്‍മാണം; വിദേശ വനിതകള്‍ പിടിയില്‍

by ടാർസ്യുസ്

കണ്ണൂർ: ഡല്‍ഹി കേന്ദ്രീകരിച്ച്‌ മാരക ലഹരിവസ്തുവായ എംഡിഎംഎ നിർമിച്ച്‌ കേരളത്തിലേക്ക് എത്തിച്ചിരുന്ന വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലീസ് സാഹസികമായി പിടികൂടി.നൈജീരിയ സ്വദേശിനി ചിനെലോ ലിലിയൻ, ക്യാമറൂണ്‍ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ എന്നിവരെയാണ് ഡല്‍ഹി ബുരാരിയില്‍ നിന്ന് സിറ്റി പൊലീസ് പിടികൂടിയത്. റേഞ്ച് ഡിഐജി കെ. കാർത്തിക് വാർത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചു.ന്യൂമാഹിയില്‍ 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് പിടിയിലായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ലഹരി എത്തിച്ചിരുന്നത് മുഹമ്മദ് സമീലാണെന്ന് കണ്ടെത്തിയത്.

തുടർന്ന് സമീലിന്റെ വീട്ടിലും വാഹനത്തിലും നടത്തിയ പരിശോധനയില്‍ 185 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.സമീലിന്റെ ഫോണും ബാങ്ക് രേഖകളും പരിശോധിച്ചതോടെയാണ് ‘തബു’ എന്ന മുജ്തബയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ലഹരി ഇടനിലക്കാർ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച്‌ ലൊക്കേഷൻ മാത്രം കൈമാറുന്നതായിരുന്നു തബുവിന്റെ രീതി. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ബെംഗളൂരുവില്‍നിന്ന് തബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഡല്‍ഹിയില്‍നിന്ന് പാർസല്‍ വഴിയാണ് ഇവർ കേരളത്തിലേക്ക് ലഹരി കടത്തിയിരുന്നത്. ഈ കണ്ണിയില്‍നിന്ന് ലഭിച്ച തെളിവുകളാണ് വിദേശ വനിതകളിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.

സിം കാർഡുകള്‍ മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയും കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.കണ്ണൂർ സിറ്റി പൊലീസ് സംഘം പത്തുദിവസത്തോളം ഡല്‍ഹിയില്‍ താമസിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അമ്പതോളം വ്യാജ ആധാർ കാർഡുകളും 15 പാൻ കാർഡുകളും ചെക്ക് ബുക്കുകളും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളും ഇവർ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.വിദേശത്തുനിന്ന് പാർസല്‍ വഴിയാണ് മയക്കുമരുന്ന് നിർമാണത്തിനാവശ്യമായ സാമഗ്രികള്‍ ഇവർക്ക് ലഭിച്ചിരുന്നതെന്നും ഡിഐജി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.കമ്മീഷണറുടെ ഓഫീസില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി, തലശ്ശേരി എഎസ്പി നന്ദഗോപൻ എന്നിവരും പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group