പ്രവാസി മലയാളികള്‍ക്കായി നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറില്‍ ചേരാനുള്ള അവസാനതീയതി ഈ മാസം 30-ലേക്കു നീട്ടി.22 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നതെങ്കിലും പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും അഭ്യർഥന മാനിച്ച് നീട്ടുകയായിരുന്നു. ഇതുവരെ 25,000-ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോർക്ക കെയർ പരിരക്ഷയില്‍ ചേർന്നിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ പ്രചാരണത്തിനായി ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്ബുകളും നടത്തുന്നു. നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.kerala.gov.in ലൂടെയോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.വിദേശത്ത് കേരളീയര്‍ ജോലിചെയ്യുന്ന കമ്ബനികള്‍ക്ക് പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കി. അംഗങ്ങളാകുന്നവർക്ക് നവംബര്‍ ഒന്നു മുതല്‍ ക്യാഷ്‌ലെസ് പരിരക്ഷ ലഭ്യമാക്കും.
സംസ്ഥാനത്തെ അഞ്ഞൂറിലധികം ആശുപത്രികളടക്കം രാജ്യത്തെ പതിനാറായിരത്തോളം ആശുപത്രികളിലാണ് ചികിത്സാ സൗകര്യം.ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 രൂപ പ്രീമിയത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ. ഒരാള്‍ക്ക് മാത്രമായി ചേരുന്നതിന് 8,101 രൂപയാണ് പ്രീമിയം.നവംബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ആറുമാസത്തില്‍ കൂടുതല്‍ കേരളത്തിന് പുറത്തുതാമസിക്കുന്ന സാധുവായ നോർക്ക പ്രവാസി ഐ.ഡി., സ്റ്റുഡന്റ് ഐ.ഡി., എൻ.ആർ.കെ. ഐ.ഡി. കാർഡുള്ള പ്രവാസികള്‍ക്ക് നോർക്ക കെയറില്‍ അംഗമാകാം.