Home കർണാടക രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റെടുത്തത് മൂന്നേകാല്‍ ഏക്കര്‍ ഭൂമി മാത്രം; ORR-ലെ തിരക്ക് കുറയുമെമെന്ന പ്രതീക്ഷയുണര്‍ത്തി BBCക്ക് പാരിസ്ഥിതിക അനുമതി

രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റെടുത്തത് മൂന്നേകാല്‍ ഏക്കര്‍ ഭൂമി മാത്രം; ORR-ലെ തിരക്ക് കുറയുമെമെന്ന പ്രതീക്ഷയുണര്‍ത്തി BBCക്ക് പാരിസ്ഥിതിക അനുമതി

ബെംഗളൂരു: നേരത്തെ പെരിഫറല്‍ റിങ് റോഡ് (പിപിആർ) എന്നായിരുന്നു പദ്ധതിയുടെ പേര്. ഈ പേരും പേറി രണ്ട് പതിറ്റാണ്ടിലധികം കാലമാണ് പദ്ധതി മുട്ടിലിഴഞ്ഞത്.ആദ്യഘട്ടത്തില്‍ 1,810 ഏക്കർ സ്ഥലം ഏറ്റെടുത്ത് നടപ്പാക്കേണ്ട പദ്ധതിക്ക് വേണ്ടി ഈ ഇരുപത് വർഷക്കാലത്തിനിടയില്‍ ഏറ്റെടുത്തത് വെറും 3.27 ഏക്കർ ഭൂമിയാണ്. ഈ മരവിപ്പിനിടയില്‍ പ്രതീക്ഷയുടെ മഴ പെയ്തു കഴിഞ്ഞ ദിവസം. പദ്ധതിക്ക് കേന്ദ്രത്തിന്റെ പാരിസ്ഥിതികാനുമതി ലഭിച്ചു. നിലവില്‍ ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.ഈ സ്വപ്ന പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ്. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് ജീവൻ വെച്ചത്. 2025 ഒക്ടോബറില്‍ സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു. നഗരത്തിലെ ഗതാഗതത്തിരക്ക് 40% കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതി എന്നാണ് ബിബിസിയെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇതില്‍ നിന്നു തന്നെ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ.ഇക്കഴിഞ്ഞ മാർച്ചില്‍, പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി ബിഡിഎ ടെൻഡറുകള്‍ ക്ഷണിച്ചിരുന്നു.

10,000-ത്തിലധികം ട്രക്കുകളാണ് ഔട്ടർ റിംഗ് റോഡിലൂടെ ദിവസവും ഓടുന്നത്. ഈ റോഡിലെ തിരക്ക് കുറയ്ക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. ഇതിനുള്ള പോംവഴിയായാണ് നഗരത്തെ വീണ്ടും വികസിപ്പിക്കുന്ന പെരിഫറല്‍ റിങ് റോഡിന്റെ ആലോചന തുടങ്ങിയത്. ബാംഗ്ലൂർ വികസന അതോറിറ്റിയുടെ പ്രോജക്‌ട് റിപ്പോർട്ട് പറയുന്നത് പ്രകാരം നഗരത്തിനുള്ളില്‍ ഗതാഗതം വളരെയധികം വളർന്നതോടെ ഔട്ടർ റിങ് റോഡ് ഇതിനകം തന്നെ വലിയ സമ്മർദ്ദത്തിലാണ്. ഇതിന് കാരണം നഗരത്തിന്റെ വളർച്ചയാണ്. ഔട്ടർ റിങ് റോഡ് നിർമിക്കപ്പെട്ട കാലത്ത് ബെംഗളൂരു നഗരം ആ റോഡിനുള്ളിലായിരുന്നു. ഇന്ന് ഒആർആറിനപ്പുറത്തേക്ക് ബെംഗളൂരു നഗരം വ്യാപിച്ചിരിക്കുന്നു. ഇതോടെ ഒആർആറിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ കയറി. ഈ സമ്മർദ്ദത്തെ താങ്ങാൻ ഇപ്പോള്‍ ഔട്ടർ റിങ് റോഡിന് സാധിക്കുന്നില്ല.ഈ പ്രശ്നത്തിന് പരിഹാരമായാണ് 116 കിലോമീറ്റർ ദൈർഘ്യമുള്ള പെരിഫറല്‍ റിംഗ് റോഡ് എന്ന ഇപ്പോഴത്തെ ബെംഗളൂരു ബിസിനസ് കോറിഡോർ ആസൂത്രണം ചെയ്തത്. ഒആർആറിന് പുറത്ത് ഇതിനകം വളര്‍ന്നു കഴിഞ്ഞ പ്രദേശങ്ങളിലെ ട്രാഫിക്കിനെ ഉള്‍ക്കൊള്ളാൻ പുതിയ റിങ് റോഡിന് സാധിക്കും.

ഹൊസൂർ റോഡ് മുതല്‍ തുമകുരു റോഡ് വരെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം ആസുത്രണം ചെയ്തിരുന്നത്. ഇത് 67 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗമാണ്. എന്നാല്‍ ഇതുപോലും ശരിയാംവണ്ണം പൂർത്തീകരിക്കാൻ സാധിച്ചില്ല. പദ്ധതിക്കായി 2007-ല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ 1,810 ഏക്കർ ഏറ്റെടുക്കാനാണ് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി ബെംഗളൂരു വികസന അതോറിറ്റി 3.21 ഏക്കർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്.മാർച്ച്‌ 30 ന് ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ആദ്യ പാക്കേജിനുള്ള ടെൻഡർ‌ പുറപ്പെടുവിച്ചു. തുംകുരു റോഡ് മുതല്‍ ബല്ലാരി റോഡ് വരെയുള്ള 20 കിലോമീറ്റർ ഭാഗത്തിനായി 3,348 കോടി രൂപയുടെ ടെൻഡറാണ് വിളിച്ചിരിക്കുന്നത്. 36 മാസത്തെ നിർമ്മാണ സമയപരിധിയോടെയാണ് ടെൻഡർ. രൂപകല്‍പ്പന ചെയ്ത് നിർമിച്ച്‌ ഓപ്പറേറ്റ് ചെയ്ത് കൈമാറാനാണ് കരാർ. ഈ പാക്കേജിന് ആവശ്യമായ ഭൂമിയുടെ ഏകദേശം 83% ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group