ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങള്‍ക്ക് കരുത്ത് പകരുന്ന നമ്മ മെട്രോ ബ്ലൂ ലൈനില്‍ വൻ സാധ്യതകള്‍ പരിശോധിച്ച് അധികൃതർ.വരാനിരിക്കുന്ന ബ്ലൂ ലൈൻ പൂർണമായും സോളാർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്സി) റിപ്പോർട്ടിലാണ് ബ്ലൂ ലൈൻ പൂർണമായും സോളാറില്‍ പ്രവർത്തിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നത്.വരാനിരിക്കുന്ന ബ്ലൂ ലൈൻ പൂർണമായും സോളാറില്‍ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ഐഐഎസ്സി കണ്ടെത്തി. ബ്ലൂ ലൈൻ ഇടനാഴിക്ക് 55 കിലോമീറ്റർ നീളമുണ്ടാകും. സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ വടക്കൻ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വരെ നീളുന്ന ലൈൻ സോളാറിലേക്ക് മാറുമ്പോള്‍ പ്രതിവർഷം 61 കോടി രൂപ ലാഭിക്കാമെന്നാണ് ഐഐഎസ്സി റിപ്പോർട്ട്.കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ 2026 മാർച്ച് വരെ ബിഎംആർസിഎല്‍ സഹകരിച്ച് നടത്തിയ പഠന റിപ്പോർട്ടില്‍ ഏകദേശം 60 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിന്റെ 2എയും 2ബിയും രണ്ട് ഘട്ടങ്ങളും സോളാർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും ആവശ്യമായ ഭൂമി ഇതിനകം ബിഎംആർസിഎല്ലിന്റെ ഉടമസ്ഥതയിലാണെന്നും വ്യക്തമാക്കുന്നുണ്ട്.
ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ബ്ലൂ ലൈൻ മെട്രോ സ്റ്റേഷനുകളുടെ മേല്‍ക്കൂരകള്‍ മാത്രം 1.09 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും 50,000 സോളാർ പാനലുകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ഇത് ആദ്യ വർഷത്തില്‍ 36.4 കോടി രൂപയുടെ വൈദ്യുതി ലാഭിക്കാൻ സഹായിക്കും. മെട്രോ സംവിധാനത്തിന്റെ മറ്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളിലേക്കും ഇത്തരത്തില്‍ ശേഖരിക്കുന്ന സോളാർ പവർ എത്തിക്കാനായാല്‍ വാർഷിക ലാഭം 61 കോടി രൂപയായി ഉയരുമെന്ന് പഠനം പറയുന്നു.സ്റ്റേഷൻ മേല്ക്കൂരകളില് സോളാർ പാനലുകള്‍, എലിവേറ്റഡ് വയഡക്ട് പാരപെറ്റുകള്‍, ഡിപ്പോ മേല്‍ക്കൂരകള്‍ എന്നിവയില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇടനാഴിക്ക് ആവശ്യമായ മുഴുവൻ വാർഷിക ഊർജ്ജ ആവശ്യകതയും നിറവേറ്റാൻ ആവശ്യമായ വൈദ്യുതി ബിഎംആർസിഎല്ലിന് ഉത്പാദിപ്പിക്കാൻ കഴിയും.ബ്ലൂ ലൈനില്‍ സോളാർ സംവിധാനം പൂർണമായി വിന്യസിക്കുന്നത് വൻ സാമ്പത്തിക ലാഭം ഉണ്ടാക്കും. ബ്ലൂ ലൈൻ സ്റ്റേഷനുകളുടെ മേല്ക്കൂരകളില് സൗരോർജ്ജത്തിനായി ടെൻഡർ നല്‍കുക എന്നതാണ് ആദ്യ നടപടി. സോളർ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതിന്പരമാവധി 63 കോടി രൂപ ചെലവാകും. വൈദ്യുതി ലാഭിക്കുന്നതിലൂടെ രണ്ട് വർഷത്തിനുള്ളില്‍ ഈ നിക്ഷേപം തിരിച്ച് പിടിക്കാനാകും.