ബെംഗളൂരു: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഇടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.181 യാത്രക്കാരുമായി പറന്നിറങ്ങവെയാണ് അപകടം. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. വിശദമായ പരിശോധനയ്ക്കായി വിമാനത്തിന്റെ തുടർന്നുള്ള സർവീസുകള്‍ നിർത്തി വെച്ചു. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു വിമാനം.വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. എല്ലാ യാത്രക്കാരും ജീവനക്കാരും സാധാരണ പോലെത്തന്നെ ഇറങ്ങിയെന്ന് വക്താവ് പറഞ്ഞു. വിമാനം ലാൻഡിങ്ങിനോടടുത്തപ്പോള് ‘വേക്ക് ടർബുലൻസ്’ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇതെതുടർന്ന് പൈലറ്റ് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചു. ഈ നീക്കത്തിനിടെയാണ് വാല് നിലത്ത് തട്ടിയത്.എന്താണ് വേക്ക് ടർബുലൻസ്?അന്തരീക്ഷത്തില്‍ പല കാരണങ്ങളാല്‍ പെട്ടെന്നുണ്ടാകുന്ന ചെറു ചുഴലികളെയാണ് വേക്ക് ടർബുലൻസ് എന്ന് വിളിക്കന്നത്. വിമാനം അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മർദ്ദം ഇത്തരം വേക്ക് ടർബുലൻസുകളെ സൃഷ്ടിക്കാം. ഒരു വിമാനം താഴെ റണ്‍വേയിലേക്ക് പറന്നതിനു ശേഷം പെട്ടെന്ന് മുകളിലേക്ക് പറത്തുകയാണെങ്കില്‍ വൃത്താകൃതിയിലുള്ള ഒരു ചുഴലി വിമാനത്തിന്റെ ഇരുവശത്തുമായി സൃഷ്ടിക്കപ്പെടാം. ഇതിനെ വിംഗ്ടിപ്പ് വോർട്ടീസുകള് എന്ന് പ്രത്യേകമായി വിളിക്കുന്നു.
ഇത് വിമാനത്തെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒരു വായുസഞ്ചാര ഗതിയാണ്. ചെറിയ വിമാനങ്ങളെ സംബന്ധിച്ച് ഇവ കൂടുതല്‍ അപകടകാരികളാണ്. വിമാനത്തിന്റെ നിയന്ത്രണം എളിപ്പത്തില്‍ നഷ്ടപ്പെടാം.വിമാനം മുകളിലേക്ക് പറക്കുമ്പോള്‍ സൃഷ്ടിക്കുമ്പോള്‍, ചിറകുകള്‍ക്ക് താഴെയുള്ള ഉയർന്ന മർദ്ദമുള്ള വായു ചിറകിന്റെ അഗ്രങ്ങള്‍ക്ക് മുകളിലൂടെ മുകളിലുള്ള താഴ്ന്ന മർദ്ദ മേഖലയിലേക്ക് കയറുന്നു. ഇതൊരു ചുഴലി പോലെ കറങ്ങുന്നു. ഈ ചുഴലികളുടെ വലിപ്പവും തീവ്രതയും വിമാനത്തിന്റെ ഭാരം, വേഗത, ചിറകിന്റെ ആകൃതി എന്നിവയ്ക്ക് നേരിട്ട് ആനുപാതികമാണ്. ഭാരമേറിയ വിമാനങ്ങള്‍ക്ക് വൻ വേക്ക് ടർബുലൻസ് സൃഷ്ടിക്കാൻ കഴിയും.ബെംഗളൂരുവില്‍ സംഭവിച്ചത് എന്ത്?ബെംഗളൂരു വിമാനത്താവളത്തിലുണ്ടായത് അല്‍പ്പം വ്യത്യസ്തമായ ഒരു പ്രശ്നമാണ്. എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്ന അതേ സമയത്ത് ഒരു വൈഡ്-ബോഡി വിമാനം ടേക്ക് ഓഫ് ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ സൃഷ്ടിക്കപ്പെട്ട ‘വേക്ക് ടർബുലൻസ്’ ആണ് പ്രശ്നത്തിന് കാരണമായത്. ഈ ചുഴലിയില്‍ എയർ ഇന്ത്യ വിമാനം കുടുങ്ങിയിരിക്കാമെന്നാണ് അനുമാനിക്കേണ്ടത്.വിമാനത്തിലെ 181 യാത്രക്കാരു സുരക്ഷിതരാണ്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.