ബംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര കുമാർ ഗങ്വാറിനെ കർണാടക സർക്കാർ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.എം.എസ്.എം.ഇ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ജ്ഞാനേന്ദ്ര കുമാർ. വിധാൻ സൗധ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ കഴിഞ്ഞ ആഗസ്റ്റ് 29-നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കെ.പി.എസ്.സിയുടെ എക്സാമിനേഷൻ കണ്ട്രോളർ ആയി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഈ നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം സെക്ഷൻ 17 പ്രകാരം പിടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ.പി.എസ്.സി റിക്രൂട്ട്മെന്റ് പ്രക്രിയകളില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡിയുടെ ബെംഗളൂരു സോണല്‍ ഓഫീസ് ആഗസ്റ്റ് 23-ന് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി റിപ്പോർട്ട് നല്‍കിയിരുന്നു. ഈ തട്ടിപ്പുകളുടെയെല്ലാം മുഖ്യ സൂത്രധാരൻ അന്നത്തെ എക്സാമിനേഷൻ കണ്ട്രോളർ ആയിരുന്ന ജ്ഞാനേന്ദ്ര കുമാർ ഗങ്വാറാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.വിധാൻ സൗധ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പർ 89/2026 ആയി രജിസ്റ്റർ ചെയ്ത കേസില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318(3), കർണാടക പബ്ലിക് എക്സാമിനേഷൻ ആക്ട് 2023 ലെ സെക്ഷൻ 10 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ആഗസ്റ്റ് 30-ന് ജുഡീഷ്യല്‍ കസ്റ്റഡിയിലും തുടർ അന്വേഷണത്തിന്റെ ഭാഗമായി ആഗസ്റ്റ് 31-ന് പൊലീസ് കസ്റ്റഡിയിലും വിട്ടു.48 മണിക്കൂറിലധികം പൊലീസ് കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായി കഴിഞ്ഞ സാഹചര്യം കണക്കിലെടുത്തും ഓള് ഇന്ത്യ സർവീസസ് റൂള്‍സ്, 1968 ലെ റൂള്‍ 3 ന്റെ ലംഘനം ചൂണ്ടിക്കാണിച്ചുമാണ് സർക്കാരിന്റെ ഈ നടപടി. പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് അണ്ടർ സെക്രട്ടറി ടി. മഹന്തേഷ് പുറത്തിറക്കിയ ഉത്തരവിലാണ് സസ്പെൻഡു ചെയ്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. സസ്പെൻഷൻ കാലയളവില്‍ ഓള് ഇന്ത്യ സർവീസ് ചട്ടപ്രകാരമുള്ള സബ്സിസ്റ്റൻസ് അലവൻസിന് (ജീവനാശ്വാസ വേതനം) അദ്ദേഹം അർഹനായിരിക്കും.