ഭോപ്പാല്‍: ഇരു കാമുകന്മാര് ഒരുമിച്ച് വീട്ടിലെത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെ കിണറ്റില്‍ ചാടിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ബേതുളില്‍ അമിനോര്‍ എന്ന സ്ഥലത്താണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.
പെണ്‍കുട്ടി കിണറ്റില്‍ ചാടുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഒരേസമയം പെണ്‍കുട്ടിയുടെ കാമുകനും മുന്‍ കാമുകനും വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തങ്ങളില്‍ ആരെയാണ് യഥാര്‍ഥത്തില്‍ സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി ഓടി കിണറ്റിലേക്ക് ചാടിയത്.
ബോര്‍ഡേഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ മധ്യപ്രദേശിലെ ബേത്തുല്‍ ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി വീട്ടിലെ കിണറ്റിലേക്ക് ചാടിയത്.
ചികില്‍സയ്ക്കായി ബോര്‍ഡെഹിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോള്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടി തന്റെ മുന്‍ കാമുകനുമായി സംസാരിക്കുന്നത് നിര്‍ത്തി പുതിയൊരാളുമായി അടുപ്പത്തിലാകുകയായിരുന്നു.
അതിനിടെയാണ് പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം പുതിയ കാമുകന് അറിയുന്നത്. വൈകാതെ ഇരു കാമുകന്മാരും തമ്മില്‍ കണ്ടുമുട്ടുകയായിരുന്നു. പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരം ചോദിച്ചറിയാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടു യുവാക്കളും ഒരുമിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി, ഇത് വന്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് ബോര്‍ഡെഹി പൊലീസ് സ്റ്റേഷനില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് യുവാക്കള്‍ക്കെതിരെ പരാതി നല്കി. രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇരുവരുടെയും സുഹൃത്തുക്കള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ
ന്യൂ ഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയെ നാല് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ.
ശങ്കര്‍മിശ്രയെ നേരത്തേ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എയര്‍ ഇന്ത്യയുടെ പ്രാധമിക അന്വേഷണത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്ബനി എത്തിയത്. കേസില്‍ ശങ്കര്‍ മിശ്ര ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. പട്യാല ഹൗസ് കോടതിയാണ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭത്തില്‍ കൂടുതല്‍ നടപടി ആവശ്യമെങ്കില്‍ വിശദമായ അന്വേഷണത്തിന് ശേഷം ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കര്‍ മിശ്രയെന്നയാള്‍ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ, സംഗതി ദൗഭാഗ്യകരമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ഇനി മേലില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. വിമാനത്തില്‍ മദ്യം വിതരണം ചെയ്യാനുള്ള നയം അവലോകനം ചെയ്യുമെന്നും എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു