ബംഗളൂരു: പ്രണയപ്പകയെ തുടർന്ന് കാമുകന്റെ സഹോദരൻ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച നാലാം വർഷ നിയമ വിദ്യാർത്ഥിനി അമൃത (22) മരണത്തിന് കീഴടങ്ങി.ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമൃത ജൂലൈ 15 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. ജൂലൈ 13 തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ എച്ച്എഎല്‍ റോഡിലെ കോടിഹള്ളിയിലുള്ള യുവതിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ അക്രമം നടന്നത്. പൊലീസ് നല്കുന്ന വിവരമനുസരിച്ച്, അമൃതയും കേസില്‍ അറസ്റ്റിലായ ധനുഷ് ജി, ഇയാളുടെ അനിയൻ സൂര്യ ജി എന്നിവരും ഒരേ പ്രദേശവാസികളാണ്.
ആത്മീയ ചടങ്ങുകളില്‍ പങ്കെടുത്തുള്ള പരിചയം പിന്നീട് അമൃതയും ധനുഷും തമ്മിലുള്ള പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍, ധനുഷ് വിവാഹിതനും വിവാഹമോചിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വസ്തുത മറച്ചുവെച്ചാണ് അമൃതയുമായി പ്രണയത്തിലായതെന്ന് പിന്നീട് പെണ്‍കുട്ടി തിരിച്ചറിഞ്ഞു. വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതോടെ അമൃത ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയും ധനുഷുമായി അകലം പാലിക്കുകയും ചെയ്തു.തന്റെ സഹോദരന്റെ പ്രണയം നിരസിച്ചതിലും അകല്‍ച്ച പാലിച്ചതിലും പ്രകോപിതനായ സൂര്യ അമൃതയെ വധിക്കുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ജൂലൈ 13-ന് അമൃതയുടെ വീട്ടിലെത്തിയ സൂര്യ പെണ്‍കുട്ടിയുമായി തർക്കത്തിലേർപ്പെടുകയും കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് നെഞ്ചിലും പുറത്തും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അമൃതയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 48 മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവില്‍ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ജെബി നഗർ പോലീസ് കൊലപാതകക്കുറ്റം ചുമത്തി ധനുഷിനെയും സൂര്യയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.