കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.വെസ്റ്റ് ബംഗാള്‍-മൂർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പൂർ സ്വദേശി നരേഷ് ദാസ് ( 72) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി.റൂറല്‍ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ടൂറിസ്റ്റ് ബസ്സില്‍ കടത്തുകയായിരുന്ന കഞ്ചാവ് അത്താണി സിഗ്നല്‍ ജംഗ്ഷനില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ബാഗുകളില്‍ തുണികള്‍ക്കിടയില്‍ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം ബെംഗളൂരുവില്‍ എത്തുകയും അവിടെ നിന്ന് ടൂറിസ്റ്റ് ബസില്‍ കേരളത്തിലേക്ക് കൊണ്ടുവരുകയും ആയിരുന്നു. കൊച്ചി സിറ്റിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.