ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ ഇനി മിനിറ്റുകള്‍ക്കകം നിങ്ങളുടെ വാതില്‍പ്പടിയിലെത്തും. പ്രമുഖ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയവും ചേർന്നാണ് ഈ പുത്തൻ വിപ്ലവത്തിന് തുടക്കമിടുന്നത്.ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ഓണ്‍ലൈൻ ഡെലിവറി ആപ്പ് വഴി പാചകവാതകം നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നത്.ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് പാചകവാതക വിതരണത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകള്‍ വന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് പദ്ധതിയുടെ തുടക്കം. സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നല്‍കുകയെന്ന് കമ്പനികള്‍ അറിയിച്ചു.ഈ സിലിണ്ടറുകള്‍ വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് നിലവില്‍ എച്ച്‌പി ഗ്യാസ് കണക്‌ഷൻ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഈ സേവനം പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സിലിണ്ടറുകളുടെ വിലവിവരങ്ങള്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല.