ബെംഗളൂരു: പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഉള്‍പ്പെടെയുള്ള ഇന്ത്യൻ രേഖകള്‍ നിയമവിരുദ്ധമായി നേടിയെന്ന കേസില്‍ പാക്കിസ്ഥാൻ സ്വദേശിനിയും മകനും അറസ്റ്റില്‍.ഫറാ നാസിനെയും മകൻ മുഹമ്മദ് ഫർദീനെയുമാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ചിക്കബല്ലാപ്പൂർ ജില്ലയിലാണ് ഇരുവരും പിടിയിലായത്.ബാഗേപള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാന്റെ ഭാര്യയാണ് അറസ്റ്റിലായ ഫറാ നാസ്. യുഎഇയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അയൂബ്ഖാൻ പാക്കിസ്ഥാൻ പൗരത്വമുള്ള ഫറാ നാസിനെ വിവാഹം കഴിച്ചതെന്ന് പൊലീസ് കണ്ടെത്തി. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. ഇവരില്‍ മുഹമ്മദ് ഫർദീൻ പാക്കിസ്ഥാനില്‍ ജനിച്ചതിനാല്‍ പാക്കിസ്ഥാൻ പൗരനാണ്. അയൂബ് ഖാനും മറ്റ് മൂന്ന് മക്കളും ഇന്ത്യൻ പൗരന്മാരാണെങ്കിലും ഫറാ നാസും ഫർദീനും പാക്കിസ്ഥാൻ പൗരത്വം നിലനിർത്തുകയായിരുന്നു.ഇവരുടെ രേഖകളില്‍ സംശയം തോന്നിയതിനെ തുടർന്ന് ചിക്കബല്ലാപ്പൂർ പൊലീസ് വിശദീകരണം തേടി. തുടർന്ന് ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പൗരത്വ വിവരം മറച്ചുവച്ചാണ് റേഷൻ കാർഡ് നേടിയതെന്ന് കണ്ടെത്തി. ഇതോടെ റേഷൻ കാർഡ് റദ്ദാക്കുകയും പിന്നീട് വോട്ടർ തിരിച്ചറിയല്‍ കാർഡും അസാധുവാക്കുകയും ചെയ്തു.ബാഗേപള്ളി തഹസില്‍ദാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, വ്യാജരേഖകളും പൗരത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.