Home കർണാടക ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ശിവകുമാര്‍ പിന്നോട്ടോ? പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു

ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ശിവകുമാര്‍ പിന്നോട്ടോ? പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു

by ടാർസ്യുസ്

ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ.പദ്ധതിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഭൂമി വിട്ടുകൊടുക്കാൻ ഒരു കർഷകനെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞത്. കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ താൻ മനസിലാക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കെതിരായ എതിർപ്പ് ശക്തമാവുന്ന സാഹചര്യത്തിലാണ് ശിവകുമാറിന്റെ പ്രതികരണം.കർഷകരുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന നീക്കത്തെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമി നല്‍കാൻ ആഗ്രഹിക്കാത്തവർക്ക് കൃഷി തുടരാം.

സന്നദ്ധരായവർക്ക് സ്വമേധയാ ഭൂമി സർക്കാരിന് കൈമാറി നഷ്‌ടപരിഹാരം കൈപ്പറ്റാം. ബലപ്രയോഗത്തിലൂടെ ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിദാദി ടൗണ്‍ഷിപ്പിന്റെ നടത്തിപ്പ് പരിശോധിക്കുന്നതിനും അതിന്റെ ഗുണങ്ങളും ആശങ്കകളും സംബന്ധിച്ച്‌ അഭിപ്രായം തേടുന്നതിനും പദ്ധതി അവലോകനം ചെയ്യാനും ഒരു സമിതിയെയും മുഖ്യമന്ത്രി നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി ആയിരിക്കും സർക്കാരിന്റെ തുടർനടപടികള്‍ എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ഭൂസർവേ നടത്താൻ പോയ സർക്കാർ ജീവനക്കാരെ ഗ്രാമവാസികള്‍ ആക്രമിച്ചതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രേരണ മൂലമാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്നതെന്നും ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡികെ ശിവകുമാർ ആരോപിച്ചു. ബിദാദി ടൗണ്‍ഷിപ്പ് തന്റെ സ്വപ്‌ന പദ്ധതിയല്ലെന്നും താൻ ഒരിക്കലും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയോ അതിന്റെ തറക്കല്ലിടുകയോ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ ശില്‍പിയായി ഓർമ്മിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുൻ സർക്കാരുകള്‍ ആരംഭിച്ച ഒരു പദ്ധതി മാത്രമാണ് താൻ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ വിമർശനത്തെ അദ്ദേഹം തള്ളിക്കളയുകയും കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെയാണ് ബിദാദി ടൗണ്‍ഷിപ്പ് നിർദ്ദേശം വന്നതെന്നും ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ സർക്കാർ കർഷകരുടെയോ കർഷക കുടുംബങ്ങളുടെയോ ഉപജീവനമാർഗം എടുത്തുകളഞ്ഞിട്ടില്ല. ഇതിന് യാതൊരു നിർബന്ധവുമില്ല. എച്ച്‌ഡി കുമാരസ്വാമിയുടെയും ബിഎസ് യെദ്യൂരപ്പയുടെയും കാലത്ത് ആരംഭിച്ച പദ്ധതി മാത്രമാണ് ഞങ്ങള്‍ പിന്തുടർന്നത്; ഡികെ ശിവകുമാർ ചൂണ്ടിക്കാട്ടി.2006 സെപ്റ്റംബർ 23ന് അന്നത്തെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗമാണ് ബെംഗളൂരുവിന് ചുറ്റും അഞ്ച് സംയോജിത ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കാൻ അനുമതി നനല്‍കിയതെന്ന് ശിവകുമാർ ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

പദ്ധതിക്കായി പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ ആഗോള ടെൻഡറുകള്‍ ക്ഷണിക്കാൻ സർക്കാർ പിന്നീട് തീരുമാനിച്ചതായും ശിവകുമാർ ആരോപിച്ചു. ഇതോടെ വിഷയത്തില്‍ സർക്കാർ-പ്രതിപക്ഷ തർക്കം മുറുകുകയാണ്.അതേസമയം, ബെംഗളൂരുവില്‍ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായി ഒരു വമ്പൻ സംയോജിത ടൗണ്‍ഷിപ്പ് നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിദാദി ഹോബ്ലിയിലെ ഭൈരമംഗല, കഞ്ചുഗരണഹള്ളി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 9640 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടി വരും. ബെംഗളൂരു നഗരത്തിലെ തിരക്ക് കുറയ്ക്കാനും പുതിയ അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group