Home കർണാടക ആത്മഹത്യയും അപകടവും തടയാൻ 1,274 കോടിയുടെ പദ്ധതിയുമായി ബെംഗളൂരു മെട്രോ; സുരക്ഷ ശക്തമാക്കുമെന്ന് ബിഎംആര്‍സിഎല്‍

ആത്മഹത്യയും അപകടവും തടയാൻ 1,274 കോടിയുടെ പദ്ധതിയുമായി ബെംഗളൂരു മെട്രോ; സുരക്ഷ ശക്തമാക്കുമെന്ന് ബിഎംആര്‍സിഎല്‍

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ നമ്മ മെട്രോയിലെ യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാൻ 1,274 കോടി രൂപയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബാംഗ്ലൂർ മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍).ബാംഗ്ലൂർ മെട്രോ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകള്‍ പിഎസ്‌ഡികള്‍ സ്ഥാപിക്കും. 1,274 കോടി രൂപ ചെലവില്‍ 191 സ്റ്റേഷനുകളെയും പിഎസ്‌ഡികള്‍ കൊണ്ട് സജ്ജീകരിക്കാനാണ് ബിഎംആർസിഎല്‍ പദ്ധതിയിടുന്നത്.നമ്മ മെട്രോ പിങ്ക് ലൈനിലെ 12 ഭൂഗർഭ സ്റ്റേഷനുകളും ബ്ലൂ എയർപോർട്ട് ലൈനിലെ 2 ഉം ഉള്‍പ്പെടെ 14 സ്റ്റേഷനുകള്‍ക്ക് ഇതിനകം തന്നെ തുക വകയിരുത്തിയിട്ടുണ്ട്. ശേഷിക്കുന്ന 177 സ്റ്റേഷനുകളുടെ 1, 2, 2A, 2B, 3, 3A ഘട്ടങ്ങളിലായി നവീകരണത്തിന് വിധേയമാകും.

മെട്രോ സ്റ്റേഷനുകളിലെ ആത്മഹത്യകള്‍ തടയുക, ട്രാക്കിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുക ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ കർക്കശമാക്കുന്നതിനണ് പദ്ധതി.ഡ്രൈവർരഹിത മെട്രോ പ്രവർത്തനങ്ങള്‍ സാധ്യമാക്കുന്നതിനുമായി ഹെബ്ബാള്‍ – സർജാപൂർ ഡിപിആർ നെറ്റ്‌വർക്കിലുടനീളം പിഎസ്‌ഡികള്‍ സ്ഥാപിക്കാൻ നിർദേശിക്കുന്നുണ്ട്. നമ്മ മെട്രോയില്‍ പ്രതിദിനം ഏകദേശം 10 ലക്ഷം യാത്രക്കാർ സഞ്ചരിക്കുന്നതിനാല്‍ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബിഎംആർസിഎല്‍ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകള്‍ അത്യാവശ്യമാണെന്ന് ബെംഗളൂരു മെട്രോ വിശദീകരിച്ചു. സമീപകാല സംഭവങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന മെട്രോ ശൃംഖലയും കണക്കിലെടുക്കുമ്പോള്‍ പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകള്‍ എത്രയും വേഗം സ്ഥാപിക്കണം. ഭാവിയിലെ ഡ്രൈവർരഹിത മെട്രോ പ്രവർത്തനങ്ങള്‍ക്കും അവ നിർബന്ധമാണെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷമായി ട്രാക്കിലേക്ക് വീണുള്ള അപകടം, ആത്മഹത്യകള്‍ എന്നിവ വർധിക്കുന്നതായാണ് റിപ്പോർട്ട്.

2024ല്‍ മെട്രോ പാളത്തില്‍ പ്രവേശിച്ച എട്ട് കേസുകളും, ഏഴ് ആത്മഹത്യാ മരണങ്ങളും, രണ്ട് ആത്മഹത്യാ ശ്രമങ്ങളും, രണ്ട് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2025ല്‍ ട്രാക്കില്‍ പ്രവേശിച്ച അഞ്ച് കേസുകള്‍, അഞ്ച് ജീവനൊടുക്കല്‍ കേസുകള്‍, രണ്ട് ആത്മഹത്യാ ശ്രമങ്ങള്‍, ആകസ്മികമായി പാളത്തിലേക്ക് വീണ രണ്ട് കേസുകള്‍, ഒരു വൈദ്യുതാഘാതം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടു.മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകള്‍ യാത്രക്കാർ പാളത്തിലേക്ക് ആകസ്മികമായി വീഴുന്നത് തടയുമെന്നും ആത്മഹത്യകളും അനധികൃത പ്രവേശനവും തടയുമെന്നും അധികൃതർ പറഞ്ഞു. വരാനിരിക്കുന്ന ഇടനാഴികളില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഭാവിയിലെ GoA4 (അണ്‍അറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ) സേവനങ്ങള്‍ക്ക് വാതിലുകള്‍ അനിവാര്യമാണെന്ന് ബിഎംആർസിഎല്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group