ബെംഗളൂരു: അഞ്ചല്‍ സ്വദേശിനിയും ഐടി ഉദ്യോഗസ്ഥയുമായ കാർത്തികയുടെ (32) മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി കുടുംബം രംഗത്ത്.ഫെബ്രുവരി 20-ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കാർത്തികയെ ഭർത്താവ് അപായപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളായ എസ്. വേണുഗോപാലൻ നായരും കെ.ജെ. ഇന്ദിരാകുമാരിയും ആരോപിക്കുന്നത്. നീതി തേടി ഇവർ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചു.എംടെക് ബിരുദധാരിയായ കാർത്തിക തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനും അഞ്ചു വയസ്സുകാരിയായ മകള്‍ക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് ദുരൂഹതകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് പിതാവ് പറയുന്നു. 5 അടി 7 ഇഞ്ച് ഉയരമുള്ള കാർത്തിക, കഷ്ടിച്ച് 6 അടി മാത്രം ഉയരമുള്ള ശുചിമുറിയുടെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ചു എന്നത് വിശ്വസിക്കാനാകില്ലെന്ന് കുടുംബം പറയുന്നു. മൃതദേഹം കണ്ടെത്തിയ സമയത്ത് ശുചിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
സംഭവസമയത്ത് ഭർത്താവ് നിഖില്‍ ഫ്ലാറ്റിന് സമീപമുണ്ടായിരുന്നു. ലിഫ്റ്റ് ഒഴിവാക്കി ഇയാള്‍ പടികള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘അച്ഛാ വാ, അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാം’ എന്ന് മകള്‍ കരഞ്ഞുപറഞ്ഞതായും കുടുംബം ആരോപിക്കുന്നു.എട്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. നിഖില്‍ ജോലി സംബന്ധമായി മെക്സിക്കോയില്‍ പോയി വന്നതിനുശേഷം കാർത്തികയുമായി അകല്‍ച്ചയിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിക ഭർത്താവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കുടുംബത്തിന്റെ പക്കലുണ്ട്. മരണദിവസം കാർത്തിക തന്റെ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു.ബെംഗളൂരു പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ച് കുടുംബം കേരള മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കിയിട്ടുണ്ട്.