Home കർണാടക ബെംഗളൂരുവിലെ റോഡിലെ കുഴി നികത്താൻ ചെലവഴിച്ചത് 33.9 കോടി; 1,200ലധികം കുഴികള്‍ ഇനിയും നികത്താനുണ്ട് കണ്ടെത്തല്‍

ബെംഗളൂരുവിലെ റോഡിലെ കുഴി നികത്താൻ ചെലവഴിച്ചത് 33.9 കോടി; 1,200ലധികം കുഴികള്‍ ഇനിയും നികത്താനുണ്ട് കണ്ടെത്തല്‍

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങളിലൊന്ന് നഗരത്തിലെ ഗട്ടറുകളുമാണ്.പ്രധാന റോഡുകള്‍ ഉള്‍പ്പെടെയുള്ള പാതകളില്‍ ഗട്ടറുകള്‍ രൂപപ്പെടുന്നത് വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അതുവഴി ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഇതോടെ കോടിക്കണക്കിന് രൂപയാണ് നഗരത്തിലെ ഗട്ടറുകള്‍ അടയ്ക്കാൻ ചെലവഴിക്കുന്നത്. എല്ലാ വർഷവും റോഡിലെ കുഴികള്‍ നികത്താനുള്ള നടപടികള്‍ നടക്കുന്നുണ്ടെങ്കിലും പ്രശ്നം പൂർണമായി പരിഹരിക്കപ്പെടാൻ കഴിയുന്നില്ല എന്ന ആരോപണം ശരിവെക്കുകയാണ് പുതിയ റിപ്പോർട്ട്.ബെംഗളൂരു നഗരത്തിലുടനീളം 1,200 ലധികം കുഴികള്‍ ഇനിയും നികത്താതെയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. നഗരത്തിലുടനീളമുള്ള ഭൂരിഭാഗം കുഴികളും നികത്തിയതായി സംസ്ഥാന സർക്കാർ അവകാശപ്പെടുമ്ബോഴാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

റോഡ് അറ്റകുറ്റപ്പണികളിലെ വീഴ്ചയാണ് ഈ കണക്കെന്ന ആരോപണമാണ് ഉയരുന്നത്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2026 മാർച്ച്‌ വരെ ബെംഗളൂരുവിലുടനീളമുള്ള 41,150 കുഴികളില്‍ ഏകദേശം 39,887 എണ്ണം നന്നാക്കി. എന്നാല്‍ 1,263 കുഴികള്‍ ഇപ്പോഴും നികത്താതെയുണ്ട്. ഇതിലും കൂടുതലായിരിക്കും യഥാർഥ കണക്കെന്ന് വിദഗ്ധരും പ്രദേശത്തെ താമസക്കാരും ആരോപിച്ചു.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കീഴിലുള്ള അഞ്ച് നഗര കോർപറേഷനുകളിലുടനീളമുള്ള പദ്ധതി റിപ്പോർട്ട് പ്രകാരം ബെംഗളൂരു നോർത്തിലെ റോഡുകളിലാണ് ഏറ്റവും കൂടുതല്‍ കുഴികള്‍ ഉള്ളത്. തൊട്ടുപിന്നാലെ പടിഞ്ഞാറൻ, കിഴക്കൻ മേഖലകള്‍ ഉള്‍പ്പെടുന്നുണ്ട്. നഗരത്തിലെ 90 ശതമാനത്തോളം കുഴികള്‍ അടച്ചെങ്കിലും നൂറുകണക്കിന് കുഴികള്‍ ഇനിയും നികത്താനുണ്ട്. ഗ്യാസ് പൈപ്പ്‌ലൈൻ ഇടുന്നതിനായി റോഡ് കുഴിക്കുന്നത് മൂലം പുതിയ റോഡുകള്‍ പോലും തകരാറിലാകുന്ന അവസ്ഥയാണുള്ളതെന്ന് ജിബിഎ ഉദ്യോഗസ്ഥർ പറഞ്ഞു.അഞ്ച് കോർപറേഷനുകളിലായി കുഴികള്‍ നന്നാക്കുന്നതിനായി സർക്കാർ ഏകദേശം 33.9 കോടി രൂപയാണ് ചെലവഴിച്ചത്.

“കുഴികള്‍ നികത്തല്‍ ഒറ്റത്തവണ മാത്രം ചെയ്യേണ്ട കാര്യമല്ല. റോഡുകള്‍ കുഴിക്കുന്നതും മണ്‍സൂണ്‍ പോലുള്ള സാഹചര്യങ്ങളും ഉള്ളതിനാല്‍ തുടർച്ചയായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. അറ്റകുറ്റപ്പണികള്‍ വൈകുകയും ചെയ്യുന്നു. ഇപ്പോള്‍ പ്രതിരോധ അറ്റകുറ്റപ്പണികളിലേക്കും കർശനമായ പുനരുദ്ധാരണ മാനദണ്ഡങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വര റാവു പറഞ്ഞു. അതേസമയം, വിമർശനങ്ങള്‍ക്കിടയില്‍ ബെംഗളൂരുവിലുടനീളം വേഗത്തിലുള്ളതും നിലവാരമുള്ളതുമായ അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കാൻ അഞ്ച് നഗര കോർപ്പറേഷനുകളെയും പ്രത്യേക കുഴികള്‍ നികത്തല്‍ യന്ത്രങ്ങള്‍ വാങ്ങാൻ ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വര റാവു നിർദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group