Home കർണാടക നീറ്റ് പുനഃപരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ വൈകിയെത്തിയ സംഭവം: കര്‍ണാടകയില്‍ ബിജെപി-കോണ്‍ഗ്രസ് വാക്‌പോര്

നീറ്റ് പുനഃപരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ വൈകിയെത്തിയ സംഭവം: കര്‍ണാടകയില്‍ ബിജെപി-കോണ്‍ഗ്രസ് വാക്‌പോര്

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന നീറ്റ് റീ-ടെസ്റ്റ് പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ കർണാടകയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു.കോണ്‍ഗ്രസ് നടത്തിയ മെഗാ കണ്‍വെൻഷൻ കാരണം ഉണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാർത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ വൈകിയെത്താൻ കാരണമെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഇത് ബിജെപിയുടെ വ്യാജപ്രചാരണമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.കെപിസിസി അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേല്‍ക്കുന്ന ചടങ്ങ് ഞായറാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വെച്ചാണ് നടന്നത്. രാജ്യവ്യാപകമായി നീറ്റ് റീ-ടെസ്റ്റ് നടക്കുന്ന അതേ ദിവസമാണ് കോണ്‍ഗ്രസ് ഈ രാഷ്ട്രീയ സമ്മേളനം സംഘടിപ്പിച്ചത്. പരീക്ഷാ ദിവസം തന്നെ രാഷ്ട്രീയ സമ്മേളനം സംഘടിപ്പിച്ചത് വിദ്യാർത്ഥികളോടുള്ള അവഗണനയാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ ആരോപിച്ചു.കോണ്‍ഗ്രസ് വിദ്യാർത്ഥികളുടെ ഭാവിയേക്കാള്‍ പ്രധാന്യം രാഷ്ട്രീയ ശക്തിപ്രകടനത്തിന് നല്‍കിയെന്ന് ബിജെപി ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ കുറ്റപ്പെടുത്തി.

ഗതാഗതക്കുരുക്ക് കാരണം മൂന്ന് വിദ്യാർത്ഥികള്‍ക്ക് പരീക്ഷ നഷ്ടപ്പെട്ടെന്നും ബിജെപി അവകാശപ്പെട്ടു. ബിജെപിയുടേത് കെട്ടിച്ചമച്ച ആരോപണമാണെന്നും പകുതി സത്യങ്ങള്‍ മാത്രമാണ് അവർ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പ്രിയങ്ക് ഖാർഗെ മറുപടി നല്‍കി.പരീക്ഷാ കേന്ദ്രത്തില്‍ 720 വിദ്യാർത്ഥികളില്‍ 142 പേർ പരീക്ഷയ്ക്ക് എത്തിയിരുന്നില്ലെന്നും, മൂന്ന് വിദ്യാർത്ഥികള്‍ക്ക് പരീക്ഷ നഷ്ടപ്പെട്ടത് ട്രാഫിക് മൂലമല്ലെന്നും ഖാർഗെ വിശദീകരിച്ചു. ബസ് ലഭിക്കാത്തതും, പഴയ ഹാള്‍ ടിക്കറ്റ് കൊണ്ടുവന്നതും അടക്കമുള്ള സാങ്കേതിക കാരണങ്ങളാണ് പരീക്ഷ നഷ്ടപ്പെടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വിദ്യാർത്ഥികളോട് മറുപടി പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ബെംഗളൂരു ട്രാഫിക് പോലീസ് നേരത്തെ തന്നെ ഗതാഗത നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിർദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group