രാജ്യത്ത് ഭാഷാ പോര് മുറുകുന്നതിനിടെ നിർണായക നീക്കവുമായി കർണാടക. സംസ്ഥാനത്തുടനീളമുള്ള ഭരണ, വിദ്യാഭ്യാസ, വാണിജ്യ പ്രവർത്തനങ്ങളില്‍ കന്നഡയുടെ വിപുലമായ ഉപയോഗം നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഒരു നിർദ്ദേശം പുറപ്പെടുവിച്ചു.സംസ്ഥാനത്തുടനീളം കന്നഡ ഭാഷയുടെ പങ്ക് വർധിപ്പിക്കാൻ ഈ നീക്കം ലക്ഷ്യമിടുന്നുവെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.കന്നഡ വികസന അതോറിറ്റിയുടെ ശുപാർശകളെ പിന്തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കന്നഡ ഭാഷയുടെ സമഗ്രമായ വികസനം ലക്ഷ്യമിടുന്നു, കൂടാതെ കന്നഡിഗർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.
പുതിയ ചട്ട പ്രകാരം കർണാടകയിലെ എല്ലാ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും അവരുടെ ദൈനംദിന പ്രവർത്തനങ്ങളില്‍ കന്നഡയ്ക്ക് മുൻഗണന നല്‍കണം.ഇതില്‍ പൊതു ഇടങ്ങളിലെ മുന്നറിയിപ്പ് ബോർഡുകള്‍, പരസ്യങ്ങള്‍, ജോലിസ്ഥലത്തെ ആശയവിനിമയം, കൂടാതെ കന്നഡ പ്രാഥമിക ഭാഷയായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനുള്ള നിർദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാം കന്നഡയില്‍ ആയിരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ ഉത്തരവിന്റെ നടപ്പാക്കല്‍ നിരീക്ഷിക്കാനും നിയമലംഘനങ്ങള്‍ ഉടനടി പരിഹരിക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കന്നഡ വ്യാപകമായി നടപ്പാക്കാനും അതിനെ ശാക്തീകരിക്കാനും നടക്കുന്ന ശ്രമങ്ങള്‍ കാലങ്ങളായി തുടരുന്നതാണ്. എന്നാല്‍ ഇതൊക്കെയും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.സർക്കാർ തലത്തില്‍ ഈ നീക്കത്തിനുള്ള പിന്തുണയുമുണ്ട്.കന്നഡയെ ജീവിതത്തിൻ്റെ ഭാഷയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അടുത്തിടെ ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്‌തു സംസാരിക്കവേ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരമൊരു ഉത്തരവ് വന്നിരിക്കുന്നത്.
അതിനിടെ ഭാഷാ തർക്കവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ഒരു സംഭവത്തില്‍, കന്നഡ ബോർഡുകളില്ലാത്ത ബസുകള്‍ക്കും ജീവനക്കാർക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള ബസ് സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ത്രിഭാഷാ നയത്തെച്ചൊല്ലി വിവാദം ആളിപ്പടരുന്ന വേളയില്‍ കൂടിയാണ് കർണാടകയുടെ നിർണായക നീക്കം. ഇതിനെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ശക്തമായി എതിർക്കുകയും തുടർന്ന് ബിജെപിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. ഇതില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.