Home കർണാടക ബെംഗളൂരു ഇന്ദിരാനഗര്‍ ഫ്ലൈഓവര്‍; 1300 കോടി ചിലവ്, പണം ഭൂവുടമകളില്‍ നിന്ന് കണ്ടെത്താൻ ഡിപിആര്‍ നിദ്ദേശം!

ബെംഗളൂരു ഇന്ദിരാനഗര്‍ ഫ്ലൈഓവര്‍; 1300 കോടി ചിലവ്, പണം ഭൂവുടമകളില്‍ നിന്ന് കണ്ടെത്താൻ ഡിപിആര്‍ നിദ്ദേശം!

by ടാർസ്യുസ്

ബെംഗളൂരു: സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷനെയും സില്‍ക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗം സമീപത്തെ ഭൂവുടമകളില്‍ നിന്ന് ഈടാക്കുന്ന പ്രത്യേക ലെവിയിലൂടെ കണ്ടെത്താൻ ആലോചന.ഏകദേശം 1300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇന്ദിരാനഗർ, ഡോംലൂർ, കോറമംഗല, മടിവാള എന്നിവ ഉള്‍പ്പെടെയുള്ള ബെംഗളൂരുവിലെ പ്രധാന വ്യാപാര-സ്‌റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുക.പദ്ധതിക്കായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) അടുത്തിടെ ടെൻഡറുകള്‍ ക്ഷണിച്ചിരുന്നു.

ഇതിനിടെ, സിദ്ധി ശക്തി പ്രൊജക്റ്റ്സ് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടില്‍ ടോള്‍ പിരിവ് പ്രായോഗികമല്ലെന്നാണ് പറയുന്നത്. കോറിഡോറിലെ നിരവധി റാംപുകള്‍, മിശ്ര ഗതാഗത സാഹചര്യം, തുടർച്ചയില്ലാത്ത രൂപകല്‍പന എന്നിവ കാരണം ടോള്‍ സംവിധാനം സാമ്പത്തികമായി ലാഭകരമാകില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തല്‍.ഇതിന് പകരമായി നിലവില്‍ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഈടാക്കുന്ന വാർഷിക നികുതിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പ്രത്യേക ലെവി ഉള്‍പ്പെടുത്താനാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്നത്. കോറിഡോറിന്റെ സ്വാധീന മേഖലയിലുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യം ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടെ ഉയരുമെന്നും, ആ മൂല്യവർധനയുടെ ഒരു ഭാഗം നികുതിയിലൂടെ തിരിച്ചുപിടിക്കാമെന്നുമാണ് നിർദ്ദേശം.എന്നാല്‍ ഫണ്ടിംഗ് മാതൃക സംബന്ധിച്ച്‌ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബി-സ്മൈല്‍ മാനേജിങ് ഡയറക്‌ടറും ജിബിഎ ചീഫ് കമ്മിഷണറുമായ മഹേശ്വർ റാവു വ്യക്തമാക്കി.

10 കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള ഫ്ലൈഓവറുകള്‍ ബില്‍ഡ്-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ മാതൃകയില്‍ ടോള്‍ സംവിധാനത്തോടെ നടപ്പാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.ടോള്‍ പ്രായോഗികമല്ലെന്നും യോഗ്യമായ ടെൻഡർ ലഭിക്കില്ലെന്നും കണ്ടെത്തിയാല്‍ മൂല്യവർധന അടിസ്ഥാനമാക്കിയുള്ള ധനസമാഹരണ രീതി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതിനെതിരെ പൊതു ജനങ്ങളില്‍ നിന്ന് എതിർപ്പ് ശക്തമാണ്. ഇന്ദിരാനഗറിലെ ചില റസിഡന്റ്സ് അസോസിയേഷനുകള്‍ പദ്ധതിക്കെതിരെ രംഗത്തെത്തി.വിഷയത്തില്‍ ഐ ചേഞ്ച് ഇന്ദിരാനഗർ എന്ന കൂട്ടായ്‌മ പൊതുചർച്ച സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി-സ്മൈലിന് കത്ത് നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ 24 മാസത്തെ നിർമാണ കാലാവധി യാഥാർഥ്യമാണോയെന്നും നിർദ്ദിഷ്‌ട പാതയിലുടനീളം നിലകൊള്ളുന്ന 749 മരങ്ങള്‍ വെട്ടിമാറ്റേണ്ടിവരുമോയെന്ന ആശങ്കയും അവർ ഉയർത്തിയിട്ടുണ്ട്.

2017-ല്‍ 203 കോടി രൂപ ചെലവില്‍ ആരംഭിച്ച 2.4 കിലോമീറ്റർ നീളമുള്ള ഈജിപുര ഫ്ലൈഓവർ പദ്ധതി ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തില്‍ പുതിയ പദ്ധതിയുടെ സമയക്രമത്തെക്കുറിച്ച്‌ സംശയങ്ങള്‍ ഉണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഡിപിആർ പ്രകാരം നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ ഏകദേശം 3996 പാസഞ്ചർ കാർ യൂണിറ്റ് ഗതാഗതമാണ് ഈ പാതയിലുള്ളത്. അടുത്ത 25 വർഷത്തിനുള്ളില്‍ ഇത് 12,000 പിസിയുവരെ ഉയരുമെന്നാണ് കണക്കുകൂട്ടല്‍.നിലവിലെ 20 മീറ്റർ വീതിയുള്ള റോഡും സങ്കീർണമായ ഗതാഗത ക്രമീകരണങ്ങളും ടോള്‍ പിരിവിനെ പ്രായോഗികമല്ലാത്തതാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയുടെ കീഴില്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group