ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കില്‍ ആശ്വാസവുമായി പുതിയ നീക്കം.വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റിക്ക് സമർപ്പിച്ച നിർദ്ദേശത്തില്‍, ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന യൂസർ ഡെവലപ്‌മെന്റ് ഫീസ് അഥവാ യുഡിഎഫ് 18 ശതമാനം വരെ കുറയ്ക്കാൻ നിർദ്ദേശിച്ചതോടെയാണ് ഇത്.നിർദ്ദേശം അംഗീകരിക്കപ്പെട്ടാല്‍, 2026 സെപ്റ്റംബർ മുതല്‍ ആഭ്യന്തര സർവീസുകളില്‍ പുറപ്പെടുന്ന യാത്രക്കാരുടെ യുഡിഎഫ് നിലവിലെ 1550 രൂപയില്‍ നിന്ന് 1450 രൂപയാക്കും. അന്താരാഷ്ട്ര യാത്രക്കാർക്ക് നിലവിലുള്ള 1500 രൂപയ്ക്ക് പകരം 1,215 രൂപ മാത്രമാകും നല്‍കേണ്ടി വരിക. ഇത് ചിലവ് കുറയ്ക്കാൻ വളരെയധികം സഹായിച്ചേക്കും.
ഈ നിരക്കുകള്‍ 2026 സെപ്റ്റംബർ മുതല്‍ 2029 മാർച്ച് വരെ പ്രാബല്യത്തിലുണ്ടാകുമെന്നാണ് നിർദ്ദേശം. തുടർന്ന് 2029 ഏപ്രില്‍ മുതല്‍ ആഭ്യന്തര യാത്രക്കാർക്കുള്ള യുഡിഎഫ് 1,245 രൂപയായും അന്താരാഷ്ട്ര യാത്രക്കാർക്കുള്ളത് 1050 രൂപയായും വീണ്ടും കുറയ്ക്കാനും ബിഐഎഎല്‍ പദ്ധതിയിടുന്നുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബംഗളുരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 2025-26 സാമ്പത്തിക വർഷത്തില്‍ 4.41 കോടി യാത്രക്കാരെ കൈകാര്യം ചെയ്‌ത ഇടമാണ്. ഡല്‍ഹിയിലെയും മുംബൈയിലെയും വിമാനത്താവളങ്ങള്‍ക്ക് പിന്നിലാണ് ബെംഗളൂരുവിന്റെ സ്ഥാനം.വിമാനത്താവള വികസനത്തിനും പുതിയ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും വേണ്ടി 18,635 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ബിഐഎഎല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാവിയില്‍ ഈ നിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കേണ്ട സാഹചര്യം വന്നാല്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.എന്നിരുന്നാലും, നിലവില്‍ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും ഭാവിയിലെ നിരക്കുമാറ്റങ്ങളുടെ ആഘാതം കുറയ്ക്കാനുമാണ് യുഡിഎഫ് കുറയ്ക്കാനുള്ള നീക്കമെന്ന് ബിഐഎഎല്‍ അറിയിച്ചു.യാത്രക്കാരില്‍ നിന്ന് യുഡിഎഫ് നേരിട്ട് ഈടാക്കുന്നില്ല. വിമാന ടിക്കറ്റ് നിരക്കില്‍ തന്നെ ഈ ഫീസ് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, നിർദ്ദേശം നടപ്പായാല്‍ ടിക്കറ്റ് വിലയില്‍ ചെറിയ കുറവ് പ്രതിഫലിക്കും. അതേസമയം, ഇവിടേക്ക് വന്നിറങ്ങുന്ന യാത്രക്കാരില്‍ നിന്ന് യുഡിഎഫ് ഈടാക്കുന്ന നിലവിലെ രീതി തുടരും.അതേസമയം, നിർദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ പ്രധാന ഇന്ത്യൻ മെട്രോ നഗരങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളില്‍ ഏറ്റവും കുറഞ്ഞ യുഡിഎഫ് ഈടാക്കുന്ന വിമാനത്താവളങ്ങളിലൊന്നായി ബെംഗളൂരു മാറും. അപ്പോഴും ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ നിലവിലെ യുഡിഎഫ് നിരക്കുകള്‍ക്ക് മുകളില്‍ തന്നെയാണ് ബെംഗളൂരുവിലേത്.