Home കർണാടക എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു

ബെംഗളൂരു: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ ബെംഗളൂരുവിനെ തങ്ങളുടെ മൂന്നാമത്തെ പ്രധാന വ്യോമയാന ഹബ്ബായി വികസിപ്പിക്കാൻ ഒരുങ്ങുന്നു.പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ തെവോള്‍ഡെ ഗെബ്രെമറിയം മുന്നോട്ടുവെച്ചതും, പ്രധാന ഓഹരി ഉടമകളായ സിംഗപ്പൂർ എയർലൈൻസ് പിന്തുണയ്ക്കുന്നതുമായ ഈ പദ്ധതി എയർ ഇന്ത്യയുടെ വിപുലമായ നവീകരണ തന്ത്രത്തിന്റെ ഭാഗമാണ്. പ്രവർത്തനച്ചെലവ് കുറയ്ക്കുക, ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള അന്താരാഷ്ട്ര സർവീസുകള്‍ വർദ്ധിപ്പിക്കുക, കമ്പനിയെ ലാഭത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നിവയാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്പാകിസ്ഥാൻ വ്യോമപാത ദീർഘകാലമായി അടഞ്ഞുകിടക്കുന്നതാണ് മൂന്ന് ഹബ്ബുകളെ കേന്ദ്രീകരിച്ചുള്ള ഈ പുനഃക്രമീകരണത്തിന് പിന്നിലെ പ്രധാന കാരണം.

ഡല്‍ഹിയില്‍ നിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള വിമാനങ്ങള്‍ക്ക് വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും വൻതോതില്‍ വർദ്ധിപ്പിക്കുന്നു. ഈ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി, ഡല്‍ഹിയില്‍ നിന്നുള്ള ചില പടിഞ്ഞാറൻ ദീർഘദൂര സർവീസുകള്‍ മുംബൈയിലേക്ക് മാറ്റാനും, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന കവാടമായി വികസിപ്പിക്കാനുമാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ ഹബ്ബുകളില്‍ നിന്ന് സർവീസ് നടത്തുന്നത് അറബിക്കടലിന് മുകളിലൂടെ നേരിട്ടുള്ള വ്യോമപാത ഉപയോഗിക്കാനും, അതുവഴി യാത്രാസമയവും ഇന്ധനച്ചെലവും കുറയ്ക്കാനും സഹായിക്കും.ഇന്ത്യയുടെ ടെക്നോളജി തലസ്ഥാനമായ ബെംഗളൂരുവില്‍ വർഷം മുഴുവൻ ബിസിനസ്സ്, വിനോദ യാത്രക്കാരുടെ വലിയ തിരക്കാണുള്ളത്. ദക്ഷിണേന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളെ ഗള്‍ഫ്-യൂറോപ്യൻ അന്താരാഷ്ട്ര സർവീസുകളുമായി ബന്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമാണിത്.

പ്രധാനപ്പെട്ട ബെംഗളൂരു-ലണ്ടൻ ഹീത്രൂ റൂട്ടില്‍ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് ക്ലാസ് ബോയിംഗ് 787-8 വിമാനങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര കണക്റ്റിവിറ്റി ശക്തമാക്കുന്നതിനും പ്രീമിയം ലോഞ്ചുകള്‍ നിർമ്മിക്കുന്നതിനും വിമാനത്താവളത്തില്‍ 30 ഏക്കർ വിസ്തൃതിയില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള കേന്ദ്രം (MRO) സ്ഥാപിക്കുന്നതിനുമായി എയർ ഇന്ത്യയും ബാംഗ്ലൂർ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.ബെംഗളൂരു കേന്ദ്രീകരിച്ച്‌ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ ഗ്രൂപ്പ് ശക്തമാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് സഊദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും യു.എ.ഇയിലെ ദുബായ്, അബുദാബി, ഷാർജ എന്നീ നഗരങ്ങളിലേക്കും ഖത്തറിലെ ദോഹ, കുവൈറ്റ്, ഒമാനിലെ മസ്കറ്റ്, ബഹ്‌റൈൻ എന്നീ ഗള്‍ഫ് കേന്ദ്രങ്ങളിലേക്കും നേരിട്ടുള്ള വിമാന സർവീസുകള്‍ വിപുലീകരിച്ചു.

മധ്യപൂർവദേശത്തേക്ക് മാത്രം പ്രതിദിനം 135-ഓളം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നതോടൊപ്പം ഗള്‍ഫ് വിമാനക്കമ്പനികളോട് നേരിട്ട് മത്സരിക്കാൻ എയർ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.ദക്ഷിണേന്ത്യൻ ഹബ്ബുകളില്‍ നിന്നുള്ള നേരിട്ടുള്ള വ്യോമപാതകളും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും പ്രവാസികള്‍ക്ക് സമയവും പണവും ലാഭിക്കാനും യാത്ര കൂടുതല്‍ ആയാസരഹിതമാക്കാനും വലിയ രീതിയില്‍ സഹായിക്കുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ ഉത്തരേന്ത്യൻ വിമാനത്താവളങ്ങളില്‍ ഇറങ്ങി മണിക്കൂറുകളോളം കാത്തിരിക്കാതെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടോ ബെംഗളൂരു, ദോഹ, ദുബായ് തുടങ്ങിയ ഹബ്ബുകള്‍ വഴി കുറഞ്ഞ ലേഓവർ സമയത്തോടെയോ വേഗത്തില്‍ എത്താൻ ഇതിലൂടെ സാധിക്കുന്നു.

കുട്ടികളുമായും പ്രായമായവരുമായും യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ മാറിക്കയറുന്നതും ലഗേജുകള്‍ വീണ്ടും ചെക്ക്-ഇൻ ചെയ്യുന്നതുമായ ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നതിനൊപ്പം, അറബിക്കടലിന് മുകളിലൂടെയുള്ള നേരിട്ടുള്ള റൂട്ടുകള്‍ വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതും കൂടുതല്‍ സർവീസുകള്‍ വരുന്നതും ടിക്കറ്റ് നിരക്കുകള്‍ കുറയാൻ കാരണമാകുന്നു. കൂടാതെ, അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് നാട്ടിലെത്തേണ്ടവർക്ക് അവരവരുടെ പ്രദേശത്തിന് അടുത്തുള്ള കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നിലേക്ക് എളുപ്പത്തില്‍ ടിക്കറ്റ് ലഭ്യമാകുന്നതിനാല്‍ നാട്ടിലെ റോഡ് യാത്രാസമയവും ഗണ്യമായി ലാഭിക്കാൻ കഴിയുന്നു.എയർ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപക റിപ്പോർട്ടുകള്‍ പ്രകാരം, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് കേന്ദ്രങ്ങളിലായി അന്താരാഷ്ട്ര സർവീസുകള്‍ വിഭജിച്ച്‌ വിമാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യൻ റൂട്ടുകള്‍ക്കായിരിക്കും ഡല്‍ഹി കൂടുതല്‍ പ്രാധാന്യം നല്‍കുക.

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വൈഡ്-ബോഡി വിമാനങ്ങള്‍ക്ക് ഓർഡർ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.ഇന്ത്യയിലെ എയർ കാർഗോ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ചില യാത്രാവിമാനങ്ങള്‍ ചരക്കുവിമാനങ്ങളാക്കി മാറ്റാനും, രൂപയുടെ മൂല്യത്തകർച്ച മറികടക്കാൻ വിദേശ വിപണികളില്‍ നിന്നുള്ള ടിക്കറ്റ് വില്‍പ്പന വർദ്ധിപ്പിക്കാനും എയർ ഇന്ത്യ ലക്ഷ്യമിടുന്നു. മത്സരം നിറഞ്ഞ ആഭ്യന്തര വിപണിയില്‍ സങ്കീർണ്ണമായ മള്‍ട്ടി-ഹബ് സംവിധാനം കെട്ടിപ്പടുക്കാൻ സമയമെടുക്കുമെങ്കിലും, ബെംഗളൂരുവിനെ മൂന്നാമത്തെ ഹബ്ബായി വികസിപ്പിക്കുന്നതും ഗള്‍ഫ് സർവീസുകള്‍ വർദ്ധിപ്പിക്കുന്നതും ദക്ഷിണേന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണം ചെയ്യുമെന്ന് വ്യോമയാന വിദഗ്ധർ വിലയിരുത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group