Home കർണാടക കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ ആള്‍ദൈവം ഉള്‍പ്പെടെ 11 പേർ അറസ്റ്റില്‍.പ്രത്യേക പൂജ നടത്തിയാല്‍ കോടിക്കണക്കിന് രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. കർണാടകയിലെ ബല്ലാരിയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.പൊലീസ് റിപ്പോർട്ടുകള്‍ പ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അവിവാഹിതരായ പെണ്‍കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ആള്‍ദൈവത്തിന്റെ അനുയായികള്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്തി, പ്രത്യേക പൂജ നടത്തിയാല്‍ വലിയ തുക ലഭിക്കുമെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിക്കും.

പണം വർഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിഡിയോയും ഇവർ കുടുംബങ്ങളെ കാണിച്ചിരുന്നു.പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ സംഘം നിശ്ചയിച്ചിരുന്നു. അഞ്ചടി ആറിഞ്ച് ഉയരവും വെളുത്ത നിറവും ശരീരത്തില്‍ പാടുകളില്ലാത്ത അവസ്ഥയുമുള്ള പെണ്‍കുട്ടികളെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന പെണ്‍കുട്ടികളെ ആള്‍ദൈവത്തിന്റെ അടുത്തെത്തിക്കും. പൂജയുടെ പേരില്‍ ചടങ്ങുകള്‍ നടത്തിയശേഷം ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പരാതി.പിന്നീട് ഇവരെ ലൈംഗികവൃത്തിയിലേക്ക് നിർബന്ധിച്ച്‌ തള്ളിവിടുകയും ചെയ്തിരുന്നു. ഇതിലൂടെ ലഭിക്കുന്ന പണത്തില്‍നിന്ന് ആള്‍ദൈവത്തിനും പെണ്‍കുട്ടികളെ കണ്ടെത്തി എത്തിക്കുന്ന ഇടനിലക്കാർക്കും കമ്മീഷൻ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ബല്ലാരി പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരെ കുടുക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ വേഷം മാറി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിലെ അംഗങ്ങളെന്ന രീതിയില്‍ സംഘത്തെ സമീപിക്കുകയായിരുന്നു. ഏകദേശം രണ്ടു മാസത്തോളം വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്.ചിക്കമംഗളൂരു, മൈസൂരു, ആന്ധ്രാപ്രദേശിലെ അതിർത്തി ജില്ലയായ അനന്തപുർ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകള്‍. കേസില്‍ അറസ്റ്റിലായ 11 പേരെ കേന്ദ്രീകരിച്ച്‌ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group