Home കർണാടക ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും

ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും

ബെംഗളൂരു: ഏറെ പ്രതിഷേധങ്ങള്‍ക്കും എതിർപ്പിനും ഒടുവില്‍ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാർഡനിലെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി സർക്കാർ.ഹെബ്ബാള്‍-സില്‍ക്ക് ബോർഡ് തുരങ്കപാത പദ്ധതിക്കായി ലാല്‍ബാഗിന്റെ ഒരു ഭാഗം ഏറ്റെടുക്കാനായിരുന്നു നീക്കം. എന്നാല്‍ പരിസ്ഥിതി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് ലാല്‍ബാഗില്‍ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി 16.745 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കപാത പദ്ധതിയുടെ രൂപരേഖയിലാണ് സർക്കാർ മാറ്റം വരുത്തുന്നത്. നേരത്തെയുള്ള പദ്ധതി പ്രകാരം തുരങ്കപാതയുടെ പ്രവേശന-പുറത്തുകടക്കല്‍ ഭാഗങ്ങള്‍, നിർമാണത്തിനാവശ്യമായ ഷാഫ്റ്റുകള്‍, അഞ്ച് നിലകളുള്ള വാണിജ്യ സമുച്ചയം എന്നിവയ്ക്കായി ലാല്‍ബാഗില്‍ നിന്ന് ആറ് ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം.

എന്നാല്‍ ഈ നിർമാണങ്ങള്‍ ലാല്‍ബാഗിലെ ജൈവവൈവിധ്യത്തെയും ഏകദേശം 300 കോടി വർഷം പഴക്കമുള്ള പാറക്കൂട്ടങ്ങളെയും ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പലപ്പോഴായി മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ നിരവധി പേർ ഹൈക്കോടതിയെ സമീപിച്ച്‌ പൊതുതാല്‍പര്യ ഹർജിയും സമർപ്പിച്ചിരുന്നു.തുരങ്കപാതയുടെ രൂപരേഖ ലാല്‍ബാഗിലെ ജൈവവൈവിധ്യത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയും ആശങ്ക അറിയിച്ചതോടെയാണ് ഈ ആശ്വാസ വാർത്ത. ഇതേത്തുടർന്ന് ലാല്‍ബാഗില്‍ നിന്ന് ഭൂമി ഏറ്റെടുക്കാതെ പദ്ധതി നടപ്പാക്കാനുള്ള ബദല്‍ മാർഗങ്ങള്‍ പരിശോധിക്കാൻ മുഖ്യമന്ത്രി ഡികെ ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

പദ്ധതി നടപ്പാക്കുന്ന ബി-സ്മൈല്‍ ഇതിനായി നാല് ബദല്‍ മാർഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്. ലാല്‍ബാഗിനുള്ളില്‍ തുരങ്കപാതയുടെ പ്രവേശന കവാടം, പുറത്തുകടക്കാനുള്ള ഭാഗം, നിർമാണ ഷാഫ്റ്റുകള്‍ എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ സമർപിച്ച ഡിപിആർ പ്രകാരം സിദ്ധാപുര മെയിൻ റോഡിന് സമീപവും ലാല്‍ബാഗിന്റെ തെക്കൻ പ്രവേശന കവാടത്തിന് സമീപവുമായി 2.56 ലക്ഷം ചതുരശ്ര അടിയിലധികം ഭൂമി ഏറ്റെടുക്കാനായിരുന്നു നിർദേശം. തുരങ്കപാതയിലേക്കുള്ള പ്രവേശന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് നിലകളുള്ള വാണിജ്യ സമുച്ചയവും പദ്ധതിയുടെ ഭാഗമായിരുന്നു.

അശോക സ്‌തംഭത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന 1.41 കിലോമീറ്റർ പ്രവേശന പാതയിലൂടെ തുരങ്കത്തിലേക്ക് പ്രവേശിക്കാനും വില്‍സണ്‍ ഗാർഡനിലെ സിദ്ധാപുര റോഡിന് സമീപം 1.08 കിലോമീറ്റർ പുറത്തുകടക്കല്‍ പാതയിലൂടെ എത്താനുമായിരുന്നു ആദ്യ രൂപരേഖ. ഈ രണ്ട് പാതകളും ലാല്‍ബാഗിന് അടിയിലൂടെ കടന്നുപോകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്‌തിരുന്നത്‌.എന്നാല്‍ ലാല്‍ബാഗില്‍ നിർമാണം ഒഴിവാക്കുന്നത് പദ്ധതിയുടെ മൊത്തം ചെലവ് വർധിപ്പിക്കാനും പൂർത്തീകരണം വൈകിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നേരത്തെ 17,780.13 കോടി രൂപയായിരുന്നു പദ്ധതിയുടെ ചെലവായി സർക്കാർ കണക്കാക്കിയിരുന്നത്. എസ്‌റ്റീം മാള്‍ ജങ്ഷൻ, ശേഷാദ്രി റോഡ്, സില്‍ക്ക് ബോർഡ് ജങ്ഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയില്‍ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി വിഭജിച്ചിരിക്കുന്നത്.

പദ്ധതിക്കായി അദാനി ഗ്രൂപ്പിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 22,267 കോടി രൂപയുടെ നിർദേശമാണ് കമ്പനി സമർപ്പിച്ചത്. ഇത് സർക്കാരിന്റെ ആദ്യ എസ്‌റ്റിമേറ്റിനേക്കാള്‍ ഏകദേശം 4,600 കോടി രൂപ കൂടുതലാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടന്നുവരികയാണ്. അതേസമയം പരിഗണിക്കുന്ന ഒരു ബദല്‍ മാർഗം റേസ് കോഴ്‌സ് റോഡില്‍ നിന്ന് സില്‍ക്ക് ബോർഡിലേക്ക് രണ്ട് ടണല്‍ ബോറിങ് മെഷീനുകള്‍ (ടിബിഎം) ഉപയോഗിച്ച്‌ തുരങ്കം നിർമിക്കുകയാണ്.മറ്റൊരു നിർദേശം നാല് ടണല്‍ ബോറിങ് മെഷീനുകള്‍ ഉപയോഗിച്ച്‌ എതിർദിശകളില്‍ നിന്ന് ഒരേസമയം തുരങ്കം നിർമിക്കാനാണ്. നിർമ്മാണം പൂർത്തിയായശേഷം യന്ത്രങ്ങളുടെ പ്രധാന ഭാഗങ്ങള്‍ പുറത്തെടുക്കുകയും ബാക്കിയുള്ളവ ഭൂമിക്കടിയില്‍ വെച്ചുതന്നെ വേർപെടുത്തുകയും ചെയ്യും. ഈ രീതി സ്വീകരിച്ചാല്‍ പദ്ധതിയുടെ ചെലവില്‍ ഏകദേശം 1500 കോടി രൂപയുടെ അധിക വർധനയുണ്ടാകാനും നിർമാണം വൈകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group