Home കർണാടക ‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി

ബെംഗളൂരുവില്‍ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഇൻഡു ശേഖർ മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കാൻ ഉപയോഗിച്ചത് വ്യാജ മാധ്യമപ്രവർത്തകന്റെ വേഷമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തല്‍.കാറിന്റെ പിൻഭാഗത്ത് ‘പ്രസ്’ സ്റ്റിക്കറും ‘ജേണലിസ്റ്റ് ട്രിപ്പ്’ എന്ന ബാനറും സ്ഥാപിച്ചാണ് ഇയാള്‍ യാത്ര ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്. ദസറ, ദീപാവലി ആഘോഷകാലത്ത് മാധ്യമപ്രവർത്തകരുടെ യാത്രയാണെന്ന് തോന്നിപ്പിച്ച്‌ പൊലീസ് പരിശോധനകളില്‍നിന്ന് സംശയമില്ലാതെ കടന്നുപോകുകയായിരുന്നു ലക്ഷ്യം.ടൊയോട്ട എത്തിയോസ് കാറിന്റെ പിൻഗ്ലാസില്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള ‘പ്രസ്’ സ്റ്റിക്കർ പതിച്ചിരുന്നു. കാറിന്റെ പിന്നില്‍ തൂക്കിയിരുന്ന വർണാഭമായ ബാനർ നമ്പർ പ്ലേറ്റ് മറയ്ക്കുന്ന രീതിയിലായിരുന്നു സ്ഥാപിച്ചിരുന്നത്.

മാധ്യമസംഘത്തിന്റെ യാത്രയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച്‌ അനാവശ്യമായ ചോദ്യങ്ങളും പരിശോധനകളും ഒഴിവാക്കാനാണ് പ്രതി ഇത്തരമൊരു ക്രമീകരണം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. പ്രതിക്ക് യൂട്യൂബ് ചാനലുണ്ടായിരുന്നുവെന്നും മാധ്യമപ്രവർത്തകനാണെന്ന് തെളിയിക്കാൻ വിസിറ്റിങ് കാർഡും തിരിച്ചറിയല്‍ കാർഡും തയ്യാറാക്കിയിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോർട്ടില്‍ പറയുന്നു. സകലേശ്പുർ, മംഗളൂരു മേഖലകളിലും സമാനമായ ബാനറുള്ള വാഹനം കണ്ടതായി വിവരമുണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ ഘട്ടംഘട്ടമായി കൊണ്ടുപോകാൻ ഇയാള്‍ പല രീതികള്‍ സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.ഒക്ടോബർ 16 മുതല്‍ 31 വരെയുള്ള 16 ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് ഇൻഡു ശേഖർ നടത്തിയതെന്നാണ് കേസ്. ഭാര്യയെ ആട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നന്ദി ഹില്‍സില്‍ ഉപേക്ഷിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തുടർന്ന് ഭാര്യയുടെ സഹോദരന്മാരെ മദ്യസല്‍ക്കാരത്തിന് ക്ഷണിച്ച്‌ കൊലപ്പെടുത്തിയെന്നും മറ്റ് നാല് ബന്ധുക്കളെയും വകവരുത്തി വിവിധ സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചെന്നുമാണ് ആരോപണം. കൊലപാതകങ്ങള്‍ക്ക് പിന്നാലെ തനിക്ക് ഇപ്പോള്‍ സമാധാനവും സംതൃപ്തിയുമുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഭാര്യ നിരന്തരം അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്നും റിപ്പോർട്ടിലുണ്ട്. അമ്മയുടെ സ്വത്തുവിഹിതം ലഭിക്കുന്നതിനായി പ്രതിയുടെ മകളും കൊലപാതകങ്ങളില്‍ സഹായിച്ചെന്ന ആരോപണവും അന്വേഷണത്തിലുണ്ട്.പ്രതിയെയും കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊലപാതകങ്ങളുടെ കൃത്യമായ ക്രമവും മൃതദേഹങ്ങള്‍ വിവിധ ഇടങ്ങളിലേക്ക് എത്തിച്ച രീതിയും കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസിലെ ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group