ബെംഗളൂരു: ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രവർത്തിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി നസീർ അഹമ്മദിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി.എം.എല്‍.സിയായ നസീർ അഹമ്മദിനെ 2023 ജൂണിലാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറിയായി നിയമിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ അഹമ്മദിനെ പുറത്താക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പില്‍ പാർട്ടിക്കെതിരെ പ്രവർത്തിച്ചതായി നസീർ അഹമ്മദ്, ജബ്ബാർ, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ എന്നിവർ പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ആരോപണം. അന്തരിച്ച മുൻ സൈനികൻ ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകൻ സമർത്ഥിന് ടിക്കറ്റ് നല്‍കിയതിനെ തുടർന്നാണ് ഇവർ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രവർത്തിച്ചതെന്നും പറയുന്നു. സമീറിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുമെന്നും അഭ്യൂഹമുയർന്നു. 2025 ജൂണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കോണ്‍ഗ്രസ് എംഎല്‍സി കെ ഗോവിന്ദരാജിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി, നസീർ അഹമ്മദിനെ നിയമിച്ചത്.
ആരോപണത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ഭവന മന്ത്രി സമീർ അഹമ്മദ് ഖാനോട് വിശദീകരണം തേടി. കോണ്‍ഗ്രസിലെ മുസ്ലീം നേതാക്കള്‍ ഒറ്റക്കെട്ടാണെന്ന് സമീർ അഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇത്തരം ആരോപണങ്ങള്‍ സാധാരണമാണെന്നും തങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവർ മന്ത്രിമാരാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ദാവൻഗെരെ സൗത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ചീഫ് വിപ്പ് സലീം അഹമ്മദും ശിവാജിനഗർ എംഎല്‍എ റിസ്വാൻ അർഷാദും പാർട്ടിയിലെ മുതിർന്ന മുസ്ലീം നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാൻ മുതിർന്ന നേതാക്കള്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. മണ്ഡലത്തില്‍ ചില നേതാക്കള്‍ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ ആഗ്രഹിച്ചു. എന്നാല്‍, അന്തരിച്ച എംഎല്‍എ ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകൻ സമർത്ഥിനെയാണ് പാർട്ടി രംഗത്തിറക്കിയത്.