കണ്ണൂര്‍: ബി.ഡി.എസ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥി നിതിന്‍രാജിന്റെ ആത്മഹത്യയില്‍ കുറ്റാരോപിതനായ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് അധ്യാപകന് ഡോ.എം.കെ. റാമിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥികള്‍. നിതിന്‍രാജിനെ മാത്രമല്ല, ഒട്ടേറെ വിദ്യാര്‍ഥികളെ ഡോ. റാം വര്‍ഷങ്ങളായി ജാതീയ അധിക്ഷേപങ്ങള്‍ക്കും മാനസികപീഡനങ്ങള്‍ക്കും ഇരയാക്കിയിരുന്നെന്നാണ് വെളിപ്പെടുത്തല്‍.ചില വിദ്യാര്‍ഥികളെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഭിക്ഷാടകനെപ്പോലെയുണ്ടെന്ന് പരിഹസിക്കുന്നതു പതിവായിരുന്നു. ചെരുപ്പിട്ട് വന്ന ഒരു വിദ്യാര്‍ഥിയെ ‘കോളനി’യെന്നു വിളിച്ചു. സഹപാഠിയായ പെണ്‍കുട്ടിയെക്കൊണ്ട് ചെരുപ്പൂരി തല്ലിക്കാന്‍ ശ്രമിച്ചു.മറ്റൊരു പെണ്‍കുട്ടിയെ ‘കറുത്ത പശു’വെന്നു പരിഹസിച്ചു. വെളുത്ത നിറമുള്ളവരെ വെള്ളപ്പാറ്റയെന്നു വിളിച്ചു. ഗുരുതരമായ ശാരീരികാധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രതികരിച്ചാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നായിരുന്നു ഭീഷണി.നിതിനെ ഡോ. റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നെന്ന് സഹപാഠി പറഞ്ഞു. റാമിനെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. എന്നാല്‍ അധ്യാപകന്റെ പീഡനത്തെക്കുറിച്ച് അറിയില്ലെന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ നിലപാട്. നിതിന്റെ ആത്മഹത്യക്കു പിന്നാലെ ഡോ. റാം, അസോസിയേറ്റ് പ്രഫസര്‍ സംഗീത നമ്പ്യാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതോടെ ഇരുവരും ഒളിവിലാണ്.നിതിന്‍രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചതോടെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് അടച്ചു. വിഷു അവധിക്കുശേഷം അടുത്തയാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.