ബെംഗളൂരു: ഗതാഗതക്കുരുക്കും നിയമവിരുദ്ധ പാർക്കിംഗും മൂലം വലയുന്ന ബെംഗളൂരു നഗരത്തില്‍ പാർക്കിംഗ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ഒരുങ്ങി കർണാടക സർക്കാർ.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) കീഴില്‍ പെട്ട റോഡുകളില്‍ ശാസ്ത്രീയവും പണം ഈടാക്കിയുള്ളതുമായ പാർക്കിംഗ് സംവിധാനം നടപ്പിലാക്കാനാണ് തീരുമാനം. നഗരത്തില്‍ നിലവില്‍ 1.5 കോടിയോളം വാഹനങ്ങള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.റോഡുകളിലെ തിരക്ക് കുറയ്ക്കാനും കൂടുതല്‍ പാർക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കാനുമായി കരട് നിയമം കൊണ്ടുവന്നിട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ പാർക്കിംഗിനായി വിട്ടുനല്‍കിയാല്‍ വസ്തുനികുതിയില്‍ വൻ ഇളവുകള്‍ നല്‍കും. മള്‍ട്ടി ലെവല്‍ സാങ്കേതിക പാർക്കിംഗുകള്‍ക്ക് 100% നികുതി ഇളവും സാധാരണ പാർക്കിംഗിന് 50% നികുതി ഇളവും ലഭിക്കും.പ്രധാന റോഡുകളിലും കൂടുതല്‍ തിരക്കുള്ള സ്ഥലങ്ങളിലും ഉയർന്ന പാർക്കിംഗ് ഫീസ് ഈടാക്കും. തിരക്കേറിയ പ്രധാന പാതകളില്‍ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും. നിർമ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പാർക്കിംഗ് ഏരിയകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും.
പാർക്കിംഗ് ഫീസിലൂടെ ലഭിക്കുന്ന വരുമാനം നഗരത്തിലെ ജംഗ്ഷനുകളുടെ വികസനം, റോഡ് അറ്റകുറ്റപ്പണികള്‍, കാല്നടപ്പാതകളുടെ നവീകരണം എന്നിവയ്ക്കായി ഉപയോഗിക്കും. നഗരത്തിലെ വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറില്‍ 15 കിലോമീറ്ററായും ബസുകളുടേത് 10 കിലോമീറ്ററായും കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ നീക്കം. പൊതുജനങ്ങള്‍ക്ക് കരട് നിയമത്തിന്മേല് തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും സമർപ്പിക്കാൻ നല്‍കിയിട്ടുള്ള സമയം 2026 സെപ്റ്റംബർ 10 വരെയാണ്.