ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനുള്ള താല്‍പര്യപത്രം ക്ഷണിച്ച് ബിഎംആർസി.ഇന്ത്യയിലെയും വിദേശത്തെയും കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. 44.65 കിലോമീറ്റർ ദൈർഘ്യമുള്ള ഓറഞ്ച് ലൈൻ പദ്ധതിക്ക് അംഗീകാരം ലഭിച്ച് രണ്ട് വർഷത്തിലേറെ പിന്നിട്ട ശേഷമാണ് പുതിയ നീക്കം. രണ്ട് ഇടനാഴികളിലായി 31 സ്‌റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്.പദ്ധതിയുടെ ആസൂത്രണം, ടെൻഡർ നടപടികള്‍, നിർമ്മാണ നിർവഹണം എന്നിവയില്‍ ബിഎംആർസിഎല്ലിനെ സഹായിക്കുകയാണ് ജനറല്‍ കണ്‍സള്‍ട്ടന്റിന്റെ പ്രധാന ചുമതല. രൂപകല്‍പ്പനകള്‍ പരിശോധിക്കുക, ടെൻഡർ രേഖകള്‍ തയ്യാറാക്കുകയും അന്തിമമാക്കുകയും ചെയ്യുക, ലഭിക്കുന്ന അപേക്ഷകള്‍ വിലയിരുത്തുക, കരാർ ചർച്ചകളില്‍ സഹായിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും സ്ഥാപനത്തിനുണ്ടാകും.
നിർമ്മാണ സ്ഥലങ്ങളില്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുക, പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുക, വിവിധ കരാറുകാർ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക എന്നിവയും കണ്‍സള്‍ട്ടന്റിന്റെ ചുമതലകളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലെ പരിശോധനകള്‍ക്കും പരീക്ഷണ ഓട്ടങ്ങള്‍ക്കും അന്തിമ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനും സഹായം നല്‍കണം.മൂന്നാം ഘട്ടത്തിലെ രണ്ട് ഇടനാഴികള്‍ക്കുമായി സങ്കടകട്ടെയില്‍ പൊതുവായ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. രണ്ട് ഇടനാഴികളും തമ്മിലുള്ള ട്രാൻസിറ്റ് സ്‌റ്റേഷനായി സുമനഹള്ളി ക്രോസ് പ്രവർത്തിക്കും. നിലവിലുള്ളതും വരാനിരിക്കുന്നതുമായ മെട്രോ പാതകളുമായി ബന്ധിപ്പിക്കുന്നതിനായി ജെപി നഗർ, ജെപി നഗർ നാലാം ഘട്ടം, മൈസൂരു റോഡ്, പീന്യ, കെമ്പാപുര തുടങ്ങിയ സ്ഥലങ്ങളിലും സൗകര്യമുണ്ടാകും.പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗം കണ്ടെത്തുന്നതിനായി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയോട് 102.48 ബില്യണ്‍ യെൻ വായ്‌പയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാസ്‌തുവിദ്യാ രൂപകല്‍പ്പന, നിർമ്മാണം, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ വലിയൊരു ഭാഗം ബിഎംആർസിഎല്‍ തന്നെയാണ് കണ്ടെത്തേണ്ടത്. കണ്‍സള്‍ട്ടൻസി നിയമനത്തിലും സംഭരണ നടപടികളിലും ജപ്പാൻ ഏജൻസിയുടെ മാർഗനിർദ്ദേശങ്ങള്‍ പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.കരാർ അംഗീകരിച്ചുകഴിഞ്ഞാല്‍ 252 പുതിയ മെട്രോ ട്രെയിനുകള്‍ നിർമ്മിച്ച് എത്തിക്കുന്നതിനുള്ള നടപടികളും മുന്നോട്ടുപോകും. ട്രെയിനുകളുടെ രൂപകല്‍പ്പനയും നിർമ്മാണവും മുതല്‍ വിതരണം, സ്ഥാപിക്കല്‍, സുരക്ഷാ പരിശോധനകള്‍ എന്നിവ വരെ കരാർ ലഭിക്കുന്ന സ്ഥാപനം കൈകാര്യം ചെയ്യും. അറ്റകുറ്റപ്പണികള്‍ക്കായി 15 വർഷത്തെ സേവനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ട്രെയിനുകളുടെ സഞ്ചാരം നിയന്ത്രിക്കുന്ന സുരക്ഷാ സിഗ്നല്‍ സംവിധാനം, മെച്ചപ്പെട്ട ആശയവിനിമയ സൗകര്യങ്ങള്‍, ഓട്ടോമാറ്റിക് ടിക്കറ്റ് നിരക്ക് പിരിവ് സംവിധാനം, വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സബ് സ്‌റ്റേഷനുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. നഗരത്തിലെ ഔട്ടർ റിംഗ് റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാൻ ഓറഞ്ച് ലൈൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.