തലയോലപ്പറമ്പ്:വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന് കടന്നുകളയാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരനെ പൊലിസ് പിടികൂടി.പാലാംകടവ് കിഴക്കേ കൊച്ചേത്ത് സരളകുമാരി (72)യുടെ മാലയാണ് പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാനക്കാരൻ വലിച്ചുപൊട്ടിച്ചത്.ഇന്നലെ രാവിലെ പത്തിന് തുരുത്തേല്‍ റോഡില്‍ ചിറ്റേഴം കാണിക്കമണ്ഡപത്തിനു സമീപമായിരുന്നു സംഭവം. ക്ഷേത്രത്തില്‍നിന്ന് പുറത്തുവന്ന വയോധികയുടെ കഴുത്തിനു കുത്തിപ്പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. കുടകൊണ്ട് വയോധിക ചെറുക്കാൻ ശ്രമിച്ചെങ്കിലും കഴുത്തിനു കുത്തിപ്പിടിച്ച് പിന്നില്‍നിന്ന് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് കടന്ന ഇയാളെ നാട്ടുകാർ വളയുകയും സ്ഥലത്തെത്തിയ തലയോലപ്പറമ്പ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇയാള്‍ പാലാംകടവില്‍ ഇതര സംസ്ഥാനക്കാരുടെ ക്യാമ്പിലാണ് താമസിക്കുന്നത്. പത്തു ദിവസം മുമ്പാണ് ഇവിടെ എത്തിയത്.ശനിയാഴ്ച വൈകുന്നേരം ആറോടെ സമാന രീതിയില്‍ ഇയാള്‍ മറ്റൊരു വയോധികയുടെ മാല പൊട്ടിക്കാനും ശ്രമിച്ചിരുന്നു. ചിറമറ്റം പാറക്കല്‍ റോഡില്‍ കുഴിക്കാട്ടില്‍ കാവില്‍ വിളക്ക് വച്ചു മടങ്ങുകയായിരുന്ന കോമള (70) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ഇയാളുടെ പക്കലുള്ള രേഖ പ്രകാരം പ്രായപൂർത്തിയായിട്ടില്ലെന്നാണ് പൊലിസ് പറഞ്ഞത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.