സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ് എന്ന വാചകം പണ്ടൊക്കെ വല്ലപ്പോഴുമാണ് കേട്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതിസ്വര്‍ണവില എന്നും സര്‍വകാല റെക്കോഡ് ഭേദിക്കുന്നതാണ് സമീപകാല ട്രെന്‍ഡ്. പതിവുപോലെ ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോഡ് താണ്ടി. ഇന്ന് പവന് 97,000 രൂപ കടന്നു. ഒരു പവന് 97,360 രൂപയാണ് വില. പണിക്കൂലിയും, ജിഎസ്ടിയും അടക്കം കണക്കിലെടുക്കുമ്ബോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലേറെ കൊടുക്കേണ്ടി വരും. വിപണി വില ഒരു ലക്ഷത്തിലെത്താന്‍ ഇനി വെറും 2640 രൂപ മതി. 94520 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 2840 രൂപയാണ് വര്‍ധിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പവന് നാളെ ഒരു ലക്ഷം കടന്നേക്കും. ഗ്രാമിന് 12,170 രൂപയാണ് ഇന്നത്തെ വില.ആഗോളതലത്തില്‍ അരങ്ങേറുന്ന ചില പ്രതിഭാസങ്ങളാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയ തിരിച്ചടി. ഈ വര്‍ഷത്തെ അവസാന രണ്ട് നയ യോഗങ്ങളില്‍ യുഎസ് സെൻട്രല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഫെഡറല്‍ റിസർവ് ഗവർണർ മിഷേല്‍ ബോമാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. യുഎസ് സെൻട്രല്‍ ബാങ്ക് അടുത്ത നയ യോഗം ഒക്ടോബർ 28-29 തീയതികളില്‍ നടത്തും. വർഷത്തിലെ അവസാന സെഷൻ ഡിസംബർ രണ്ടാം വാരത്തില്‍ നടക്കും. കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും സൂചന നല്‍കിയിരുന്നു. പലിശ നിരക്ക് കുറയുന്നത് ഡോളറിനെ ദുര്‍ബലപ്പെടുത്തും. ഒപ്പം സ്വര്‍ണവില കുതിച്ചുയരും.